അബദ്ധത്തില്‍ ആക്സിലേറ്റര്‍ ചവിട്ടിയപ്പോള്‍ കാര്‍ പാഞ്ഞ് വന്ന് വീണത് നീന്തല്‍ കുളത്തിലേക്കായിരുന്നു. യു എസിലെ പാസഡീനയിലായിരുന്നു സംഭവം നടന്നത്.
ടെസ്ലയുടെ ആഡംബര കാര്‍ ആണ് നീന്തല്കുളത്തിലേക്ക് പതിച്ചത്. ഒരു വീടിന്റെ മതില് തകര്‍ത്ത് പിന്‍വശത്തുള്ള നീന്തല്‍കുളത്തിലേയ്ക്ക് വീഴുകയായിരുന്നു കാര്‍. ഒരു കുട്ടി ഉള്‍പ്പെടെ നാല് പേരാണ് കാറിനകത്തുണ്ടായിരുന്നത്.
എന്നാല്‍ ഇതില്‍ രസകരമായ കാര്യം എന്തെന്നാല്‍ വീട്ടില്‍ ആളുണ്ടായിട്ടു അവര്‍ ആ അപകടത്തെ കുറിച്ച് അറിഞ്ഞില്ല എന്നതാണ്. അടുത്ത സ്കൂളിലെ ജീവനക്കാര്‍ ഓടിയെത്തി പൂളില്‍ ചാടി കാറിനുള്ളില്‍ ഉള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. നീന്തല്‍കുളത്തിന്റെ അടിയിലേക്ക് വാഹനം മുങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ടെസ്ലയുടെ കാര്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ പാസഡീന ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്റില്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇത് വൈറലായത്. നിരവധിപേരാണ് ട്വീറ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.