നെയ്യാറ്റിന്‍കര അമരവിള മാങ്കോട്ടുകോണം സ്വദേശിനിയായ 32 കാരി വീട്ടില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ടതും ബോധംകെട്ട് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കാണുന്നത് പൊക്കിള്കൊടിയോടെ തറയില്‍ കിടക്കുന്ന യുവതിയെയും കുഞ്ഞിനെയും.
ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് സംഭവം ഉണ്ടായത്. യുവതിക്ക് രണ്ട് കൂട്ടികള്‍ വേറെയും ഉണ്ട്. ഇവര്‍ മൂന്ന് പേരും തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നത്. പ്രസവവേദനയെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കാന്‍ തുടങ്ങവെയാണ് യുവതി ബോധരഹിതയായത്. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കണ്ട്രോള് റൂമില്‍ നിന്ന് അത്യാഹിത സന്ദേശം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് കിരണ്‍ യൂ എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് അജീഷ് രാജ് ടി എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി. വീടിനുള്ളില്‍ പ്രസവിച്ച നിലയിലായിരുന്നു യുവതി. അജീഷ് രാജ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്കി. തുടര്‍ന്ന് ആംബുലന്‍സിലേക്ക് മാറ്റിയ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.