തത്തയോ കിളിയോ പ്രാവുകളോ എല്ലാം നമ്മുടെ അടുത്ത് വരുന്നതും പറ്റുമെങ്കില്‍ നമ്മുടെ കൈയ്യില്‍ നിന്നും ഭക്ഷണം കൊത്തി തിന്നുന്നതും കാണുന്നതും എല്ലാം വളരെ സന്തോഷം നല്കുന്ന കാര്യമാണ്. എന്നാല്‍ തായ്വാനിലെ ഒരു ഡോക്ടര്‍ക്ക് ഇതെല്ലാം പേടി സ്വപ്നമാണ്. കാരണം മക്കോവോ തത്ത വന്ന് തോളത്തിരുന്നപ്പോള് പേടിച്ച് വീണ ഡോക്ടര്‍ക്ക് പറ്റിയത് വലിയ അപകടം ആയിരുന്നു. തത്തയുടെ ഉടമയ്ക്ക് ലഭിച്ചതോ കേട്ടാല്‍ ഞെട്ടുന്ന് അത്രയും വലിയ പിഴയും ശിക്ഷയും.
ഒരു തത്ത കാരണം രണ്ടു പേരുടെ ജീവിതത്തില്‍ വലിയ നഷ്ടങ്ങളുണ്ടായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? എന്നാല്‍ അത്തരം ഒരു സംഭവമാണ് തായ്വാനില് സംഭവിച്ചിരിക്കുന്നത്. ഹുവാങ് എന്ന വ്യക്തിക്ക് സ്വന്തമായി ഒരു തത്തയുണ്ടായിരുന്നു. ഒരു ദിവസം തത്ത ഹുവാങ്ങിന്റെ അയല്‍ക്കാരനും പ്ലാസ്റ്റിക് സര്‍ജ്ജനുമായ ഡോ. ലിന്നിന്റെ വീട്ടിലെത്തി.
തത്ത ഡോക്ടറുടെ തോളത്ത് കയറി ഇരുന്നതും ആണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പെട്ടന്നുള്ള തത്തയുടെ വരവിലും ഇരിപ്പിലും ഡോക്ടര്‍ പേടിച്ച് പോയി. ഒപ്പം തോളത്ത് കയറി ഇരുന്ന തത്ത ചിറക് ശക്തമായി അടിച്ചതോടെ ഇയാള്‍ പേടിച്ച് താഴെയും വീണു. ആ വീഴ്ചയില്‍ ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടുകയും സ്ഥാനചലനമുണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയക്ക് വിധേയനായ ഡോക്ടര്‍ക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വന്നു. ഇത്രയും നാളുകള്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല.
പ്ലാസ്റ്റിക് സര്‍ജനായതിനാല്‍ മണിക്കൂറുകളോളം നിന്ന് ശസ്ത്രക്രിയ നടത്തേണ്ടി വരും. അപകടത്തിന് ശേഷം ഏറെ നേരം നില്ക്കാന് കഴിയുന്നില്ലെന്നും പരാതിയില്‍ ഡോക്ടര്‍ പറഞ്ഞു. ഹുവാങ്ങിന്റെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും 40 സെന്റി മീറ്റര്‍ ഉയരവും ചിറകുകളുടെ നീളം 60 സെന്റി മീറ്ററുമുള്ള മക്കോവോ തത്തയെ വളര്‍ത്തുമ്പോള്‍ ഉടമസ്ഥന് ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു. മാത്രമല്ല ഡോക്ടര്‍ക്ക് സംഭവിച്ച നഷ്ടത്തിന് ഹുവാങ് 74 ലക്ഷം രൂപ നഷ്ടപരിഹാരമായി ഡോക്ടര്‍ക്ക് നല്‍കാനും രണ്ട് മാസത്തെ തടവ് ശിക്ഷ അനുഭവിക്കാനും കോടതി വിധിച്ചു.