മധ്യപ്രദേശില്‍ ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം. ബിജെപിയുടെ വികാസ് രഥയാത്രക്കിടെയായിരുന്നു സംഭവം. പൊതുജനാരോഗ്യ-എഞ്ചിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയാണ് യോഗത്തിനിടെ ചൊറിപ്പൊടി എറിഞ്ഞത്. അശോക് നഗര്‍ ജില്ലയിലെ മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുംഗവോലിയിലെ ദേവ്രാച്ചി ഗ്രാമത്തിലൂടെയാ യാത്ര നടക്കുമ്പോഴാണ് സംഭവം.
ചൊറിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് മന്ത്രി കുര്‍ത്ത ഊരിമാറ്റി കുപ്പിവെള്ളത്തില്‍ കഴുകി. ചിലര്‍ ഇത് റെക്കോര്‍ഡ് ചെയ്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. രണ്ട് ദിവസം മുമ്പ് മറ്റൊരു വികാസ് രഥ് ഖണ്ട്വ ജില്ലയിലെ ഗോഹ്ലാരി ഗ്രാമത്തിലൂടെ നീങ്ങുമ്പോള്‍ വാഹനം റോഡില്‍ കുടുങ്ങിയിരുന്നു. സംഭവം ബിജെപി പ്രവര്‍ത്തകര്‍ തര്‍ക്കത്തിന് കാരണമായി. പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റര്‍ റോഡ് പോലും അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിന്നെ എന്തിനാണ് വികാസ് യാത്ര നടത്തുന്നതെന്നും മുന്‍ സര്‍പഞ്ച് എംഎല്‍എയോട് ചോദിച്ചു.
ഞങ്ങള്‍ കോണ്‍ഗ്രസാണ് മോശമെന്ന് കരുതി. പക്ഷേ ബിജെപി കോണ്‍ഗ്രസിനേക്കാള്‍ മോശമാണ്. ഞങ്ങള്‍ക്ക് നല്ല റോഡുകള്‍ വേണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്നും മുന്‍ സര്‍പഞ്ച് വീഡിയോയില്‍ പറഞ്ഞു. ഞായറാഴ്ച ഭിന്ദ് ജില്ലയില്‍ നിന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് വികാസ് രഥ യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്തത്.