നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യം വീണ്ടും തള്ളി ഹൈക്കോടതി. അറസ്റ്റിലായി ആറ് വര്‍ഷമായെന്നും കേസിന്റെ വിചാരണ നീളുന്നതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ ആറുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം കിട്ടിയില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ നടിക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിക്കേണ്ടതുണ്ട്. ഇത്രയും വര്‍ഷമായി പ്രതി ജയിലില്‍ കിടന്നു എന്നതുകൊണ്ടു മാത്രം മോചനത്തിന് കാരണമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കു മേല്‍ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കി.
നടന് ദിലീപിന്റെ ക്രിമിനല്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിലിട്ട് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്. 2022 മാര്‍ച്ചില്‍ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.