നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മൃതശരീരം ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്തു. അരനൂറ്റാണ്ട് മലയാളത്തെ ചിരിപ്പിച്ച മഹാനടന് ഇനി മലയാളികളുടെ ഉള്ളില്‍ ഓര്‍മ്മയായി അവശേഷിക്കും.
ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആണ് ഭൗതികദേഹം ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചത്. ഇരിഞ്ഞാലക്കുട രൂപതാ അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്.
മന്ത്രിമാരായ ആര് ബിന്ദു, കെ രാജന്, ഇന്നസെന്റിന്റെ സഹപ്രവര്‍ത്തരും ഇരിഞ്ഞാലക്കുട സ്വദേശികളുമായ ടൊവിനോ തോമസ്, ഇടവേള ബാബു ഉള്‍പ്പെടെയുള്ള താരങ്ങളും തെക്കേഅങ്ങാടിയിലെ വസതിയില്‍നിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയെ അനുഗമിച്ചിരുന്നു.
പിതാവ് തെക്കേത്തല വറീതിന്റെയും മാതാവ് മര്‍ഗലീത്തയുടെയും കല്ലറകള്‍ക്കരികിലാണ് ഇന്നസെന്റിന്റെ അന്ത്യവിശ്രമം. മലയാളികളെ ഓരോ നിമിഷവും ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാലോകത്ത് ജീവിച്ച ഇന്നസെന്റ് ഇനി മലയാളികളുടെ മനസ്സില്‍ നൊമ്പരമായി ജീവിക്കും.