മെക്സിക്കോ സിറ്റി : വടക്കന്‍ മെക്സിക്കോയില്‍ കുടിയേറ്റ ക്യാമ്പില്‍ തീപിടുത്തത്തില്‍ 40 പേര് വെന്തു മരിച്ചു. കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 40 പേര് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു വടക്കന്‍ മെക്സിക്കോ - യു.എസ്. അതിര്‍ത്തിയിലുള്ള കേന്ദ്രത്തില്‍ തീപ്പിടിത്തമുണ്ടായത്. ഇങ്ങനെ ഒരു സംഭവം ഇതാദ്യമായിട്ടാണ് നടക്കുന്നത്.
കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ ഇത്രയും ഭീകരമായ ദുരന്തം ഇതിനു മുന്‍പുണ്ടായിട്ടില്ല എന്നാണ് പറയുന്നത്. യു.എസ്. അതിര്‍ത്തിക്കടുത്ത് സിയുഡാഡ് ഹുവാരെസിലാണ് ഈ കേന്ദ്രം. 68 കുടിയേറ്റക്കാരെ ഇവിടെ പാര്‍പ്പിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.കുടിയേറ്റക്കാര്‍ പ്രതിഷേധിച്ച് കിടക്കകള്‍ക്ക് തീയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു. തങ്ങളെ നാടുകടത്തുമെന്ന ആശങ്കമൂലമാണ് ഇവര്‍ പ്രതിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. മെക്സിക്കോ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.