കുട്ടി താഴെ വീണ് പരിക്കുപറ്റിയെന്ന് പറഞ്ഞ് ഹോസ്പിറ്റലിലെത്തിയ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ഭയത്തോടെയുള്ള പെരുമാറ്റവും അച്ഛന്റെ പരസ്പരവിരുദ്ധമായ സംസാരവും കുട്ടിയുടെ പരിക്കുമെല്ലാമാണ് ആശുപത്രി അധികൃതരെ സംശയത്തിന് ഇടയാക്കിയത്.
സംഭവം മാവേലിക്കരയില്‍ ആണ്. പന്ത്രണ്ടുകാരനെയും കൊണ്ടാണ് രണ്ടാനച്ഛന്റെ ആശുപത്രിയിലെത്തിയത്. ഇന്നലെ വൈകീട്ടാണ് മര്‍ദ്ദനമേറ്റ നിലയില്‍ പന്ത്രണ്ടുവയസുകാരനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് വീണ് പരിക്കേറ്റു എന്നാണ് രണ്ടാനച്ഛന് ആശുപത്രിയില്‍ പറഞ്ഞത്. കുട്ടിയുടെ മുഖത്തും തലയിലുമായിരുന്നു പരിക്ക്. എന്നാല്‍ കുട്ടിയുടെ ഭയത്തോടെയുള്ള പെരുമാറ്റത്തിലും രണ്ടാനച്ഛന്റെ പരസ്പര വിരുദ്ധമായ മറുപടികളിലും സംശയം തോന്നിയ ഡോക്ടര്‍ കുട്ടിയെ വിശദമായി പരിശോധിക്കുകയായിരുന്നു.
കൂടുതല്‍ പരിശോധനയില്‍ ആണ് കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ വലിയ തോതില്‍ മുറിവേറ്റ പാടുകളുണ്ട്. ഇതില്‍ മര്‍ദ്ദനമേറ്റതും പൊള്ളലേറ്റതുമായ പാടുകളും ഉണ്ട്. തുടര്‍ന്ന് ഡോക്ടറാണ് മാവേലിക്കര പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് കൊല്ലം സ്വദേശിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്. പക്ഷെ ചോദ്യം ചെയ്യലില്‍ കുട്ടിയെ എന്തിനാണ് മര്‍ദ്ദിച്ചതെന്നും കുട്ടിയുടെ അമ്മ എവിടെയെന്നും ഇതുവരെ തെളിഞ്ഞിട്ടില്ല.