2000 രൂപയുടെ നോട്ട് പിന്‍വലിച്ചത് വളരെ നല്ല തീരുമാനമാണെന്ന് അറിയിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത് വലിയ വിഡ്ഢിത്തമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആ മണ്ടന്‍ തീരുമാനം ഇപ്പോഴെങ്കിലും പിന്‍വലിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2000 രൂപ നോട്ടുകള്‍ മാറുന്നതിന് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമില്ലെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെയും പി ചിദംബരം ചോദ്യം ചെയ്തു.
'കള്ളപ്പണം കണ്ടത്താന്‍ സഹായിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ എങ്ങനെയാണ് പിന്‍വലിക്കുന്നത്? സാധാരണ ജനങ്ങളുടെ പക്കല്‍ 2000 രൂപയുടെ നോട്ടുകളില്ല. 2016 ല്‍ അവ പുറത്തിറക്കിയതിനു പിന്നാലെ തന്നെ അവരത് ഉപേക്ഷിച്ചിട്ടുണ്ട്. ദൈനംദിന ചെലവുകള്‍ക്ക് അത് ഉപയോഗിക്കാന്‍ സാധ്യമല്ല. അതിനാല്‍ ആരാണ് 2000 രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും? നിങ്ങള്‍ക്കറിയാം.' ചിദംബരം ട്വിറ്ററില്‍ കുറിച്ചു.