അരിക്കൊമ്പനെ കാട്ടിലേക്ക് വിടരുതെന്നും ആരോഗ്യനില മോശമായതിനാല്‍ ആന അതിജീവിക്കില്ലെന്നും കേരളത്തിന് കൈമാറണമെന്നും കാണിച്ച് നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആണ് ഇന്ന് പരിഗണിയ്ക്കുന്നത്. ഇതോടെ അരിക്കൊമ്പനെ കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിയ്ക്കണമെന്ന് ഇന്നലെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പക്ഷെ മയക്കം വിട്ടുണരുന്ന അരിക്കൊമ്പനെ ബന്ധിച്ച് സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളടക്കം വനംവകുപ്പ് അറിയിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതി ഇന്നലെ നിര്‍ദേശം മാറ്റിയത്. എന്നാല്‍ ആനയുടെ ആരോഗ്യം തീരെ മോശമാണെന്ന നില വന്നതോടെ കാട്ടിലേക്കയക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഈ അവസ്ഥയില്‍ കാട്ടിലേക്കയച്ചാല്‍ ആന അതിജീവിക്കില്ലെന്നാണ് റബേക്കയുടെ ഹര്‍ജിയിലെ പരാതി.
അരിക്കൊമ്പനെ ഇന്നലെ പുലര്‍ച്ചെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നുമാണ് തമിഴ്നാട് വനംവകുപ്പ് സംഘം പിടികൂടിയത്. ഇടുക്കിയില്‍ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന് വീണ്ടും ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തില്‍ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം