നമ്മെ ഏറെ ചിരിപ്പിച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ ആ കലാകാരന്റെ കുടുംബത്തിന് താങ്ങാവാന്‍ തയ്യാറാണെന്ന് നടന് നടന് സുരേഷ് ഗോപിയും, സുരാജ് വെഞ്ഞാറമ്മൂടും, ഫ്ളവേഴ്സ് ചാനലും അറിയിച്ചിരുന്നു. ഇപ്പോഴിതാ കൊല്ലം സുധിയുടെ കുടുംബത്തിന് താങ്ങാവുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് മന്ത്രി വി.എന്‍.വാസവന്.
ഇന്നലെ കൊല്ലം സുധിയുടെ വീട് സന്ദര്‍ശിച്ച മന്ത്രിയാണ് ഈ പ്രസ്താവന നടത്തിയത്. നിരാലംബരായ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും, മറ്റ് സഹായങ്ങള്‍ നല്‍കാനും സിപി എം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സുധിയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇന്നലെ വൈകുന്നേരമാണ് വാഹനാപകടത്തില്‍ മരണമടഞ്ഞ സിനിമാതാരം കൊല്ലം സുധിയുടെ വീട്ടില്‍ മന്ത്രി വി എന്‍ വാസവന് എത്തിയത്. പുതുപ്പള്ളി ഞാലിയാകുഴിയിലെ വീട്ടിലെത്തിയ മന്ത്രി അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. കുടുംബത്തിന്റെ നിലവിലെ സാഹചര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. വാടക വീട്ടില്‍ കഴിയുന്ന മക്കള്‍ക്കും ഭാര്യക്കും വീട് നിര്‍മ്മിച്ചു നല്കാന് തയാറാണെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു.
സഹായവുമായി മുന്നോട്ടു വന്നിരിക്കുന്ന ചില സന്നദ്ധ സംഘടനകളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും, സുധിയുടെ കുടുംബം ഒരിക്കലും അനാഥമാകില്ലെന്നും മന്ത്രി വി എന്‍ വാസവന് പറഞ്ഞു. വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ സാംസ്കാരിക മന്ത്രിയുമായി കൂടിയാലോചിച്ച് സുധിയുടെ കുടുംബത്തിന് നല്കാന് കഴിയുന്ന സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.