ആലപ്പുഴ പുന്നമ്മൂട്ടില്‍ ആറു വയസുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം അമ്മ സുനന്ദയെയും മഹേഷ് ആക്രമിച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മഹേഷിന്റെ ഭാര്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.
ഇന്നലെ രാത്രി എട്ടരയോടെയാണ് ദാരുണ സംഭവം നടന്നത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സോഫയില്‍ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.