ഒരു വയസ്സുകാരി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍. കൊല്ലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കുഞ്ഞിന്റെ അച്ഛനും അമ്മയും വഴക്കിടുന്നത് കണ്ട് എത്തിയ നാട്ടുകാരാണ് ബോധരഹിതയായി നിലത്ത് കിടക്കുന്ന കുട്ടിയെ കണ്ടത്. വിളിച്ചിട്ടും ഉണരാത്തതിനാല്‍ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്കാനിംഗില്‍ മനസിലായതോടെയാണ് കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയത്.
കൊല്ലം കുറുമ്പാലത്ത് താമസിക്കുന്ന തമിഴ് സ്വദേശികളായ മുരുകന്, മാരിയമ്മ എന്നിവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇതിനിടയില്‍ കുഞ്ഞിനെ എടുത്ത് എറിയുകയായിരുന്നു.
കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കടുത്ത രക്തസ്രാവമാണ് ഉള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരാണ്. കൂടെ നില്ക്കാന് ആളില്ലാത്തതിനാല്‍ ആശുപത്രി ശിശു സംരക്ഷണ സമിതിയുടെ സഹായം തേടിയിട്ടുണ്ട്.