വര്‍ക്കലയില്‍ കല്യാണത്തലേന്ന് അച്ഛന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം എല്ലാവരുടെയും അനുഗ്രഹത്തോടെ നടന്നു. വര്‍ക്കല ശിവഗിരി ക്ഷേത്രത്തില്‍ വെച്ച് നിറകണ്ണകളോടെ അച്ഛനെ മനസ്സില്‍ കണ്ട് ശ്രീലക്ഷ്മി വിനുവിന്റെ പെണ്ണായി.
ശിവഗിരി ശാരദാ മഠത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ചെറുമയ്യൂര്‍ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. വിനുവിന്റെ കുടുംബം മുന്‍കൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തില്‍ വച്ച് നടത്തിയത്.
ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കഴിഞ്ഞ മാസം 27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി രാജുവിനെ കൊലപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. ശ്രീലക്ഷ്മി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ജിഷ്ണു, ജിജിന്, ശ്യാം , മനു എന്നിവരാണ് രാജുവിന്റെ കൊലപാതകത്തിലെ പ്രതികള്‍.
വിവാഹത്തലേന്ന് വീട്ടില്‍ ബന്ധുക്കള്‍ അല്ലാതെ മറ്റാരുമില്ല എന്ന് മനസിലാക്കിയാണ് പ്രതികള്‍ ശ്രീലക്ഷ്മിയുടെ വീട്ടില്‍ എത്തിയത്. ആദ്യം ശ്രീലക്ഷ്മിയുമായി വഴക്കിട്ട പ്രതികള്‍, ശബ്ദം കേട്ട് ഓടിയെത്തിയ രാജുവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.