ആഫ്രികയില് നിന്ന് കുനോ നാഷണല്‍ പാര്കില് എത്തിച്ച ചീറ്റപ്പുലികളില്‍ ഒരെണ്ണം കൂടി ചത്തതായി റിപ്പോര്‍ട്ട്. ഇന്നലെ ആണ് കുനോ നാഷണല്‍ പാര്കില് ആഫ്രികന്‍ ചീറ്റയായ സൂരജിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെയും നാല് മാസത്തിനിടെ എട്ടാമത്തെയും ചീറ്റയാണ് ചാകുന്നത്.
ചൊവ്വാഴ്ച ദേശീയ പാര്‍ക്കില്‍ മറ്റൊരു ആണ് ചീറ്റയായ തേജസിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു പെണ്‍ചീറ്റയുമായി അക്രമാസക്തമായ പോരാട്ടത്തിന് ശേഷമുണ്ടായ ഞെട്ടലിനെ തുടര്‍ന്നാണ് തേജസ് ചത്തതെന്ന് ഉദ്യോഗസ്ഥര്‍ മുന്‍പ് പ്രതികരിച്ചിരുന്നു.
മാര്ച് 27 ന് സാഷ എന്ന പെണ് ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രില്‍ 23 ന് ഉദയ് എന്ന ചീറ്റയും അസുഖം കാരണം ചത്തു. മെയ് 9 ന് ദക്ഷ എന്ന പെണ് ചീറ്റ ഇണചേരല്‍ ശ്രമത്തിനിടെ ആണ് ചീറ്റയുടെ ആക്രമണത്തില്‍ ചത്തു. അതിനിടെ നിര്‍ജലീകരണം കാരണം രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ചത്തു.
അതേസമയം ചീറ്റകളുടെ മരണം സ്വാഭാവികമാണെന്നും അസ്വഭാവികതകളില്ലെന്നുമാണ് കേന്ദ്ര നിലപാട്. നമീബിയയില്‍നിന്നും സൗതാഫ്രികയില്നിന്നും 20 ചീറ്റകളെയാണ് മധ്യപ്രദേശിലേക്ക് കൊണ്ടുവന്നത്. ഇതില്‍ ആറെണ്ണം ചത്തു. ഒരു പെണ്‍ചീറ്റ ഇന്ത്യയിലെത്തിയ ശേഷമാണ് പ്രസവിച്ചത്. അതിലെ രണ്ട് കുട്ടികളാണ് ചത്തത്.