ഇന്ന് അത്തം. ഇനി ഓണത്തിലേക്കുള്ള പത്ത് നാളുകള്‍ എണ്ണി മലയാളികള്‍. കേരളക്കരയില്‍ ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടന് മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ പത്തുമണിക്ക് തൃപ്പൂണിത്തുറ ബോയ്സ് മൈതാനിയില്‍ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി രണ്ടു മണിയോടുകൂടി തിരികെയെത്തും.
നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും നാടന്‍കലാരൂപങ്ങളും അണിനിരക്കുന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് പങ്കെടുക്കുക. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തില്‍ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനില്‍ക്കുന്ന കലാവിരുന്നിനും തുടക്കമാകും.
ഓണാഘോഷത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണോത്സവത്തിന് അത്തംദിനമായ ഇന്ന് കൊടിയേറും. രാത്രി 8 മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന അനുജന് നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. അത്തംമുതല്‍ 10 ദിവസങ്ങളിലാണ് ഓണോത്സവം. തിരുവോണ ദിനത്തില്‍ പ്രസിദ്ധമായ തൃക്കാക്കര തിരുവോണസദ്യയും നടക്കും. 'അത്തച്ചമയം ഹരിതച്ചമയം' എന്ന പേരില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടത്തുക