തന്റെ മകനെ പോലെ കണ്ട് സംരക്ഷിക്കുമെന്നും വീടും വിദ്യാഭ്യാസവും ഉറപ്പ് നല്‍കുമെന്നും പറഞ്ഞ ആ വാക്ക് പാലിച്ച് പത്താനപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍.
മാര്‍ച്ച് മാസത്തില്‍ പണി തുടങ്ങിയ ഏഴാം ക്ലാസ്സുകാരന്റെ വീട് പണി പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ കൈമാറി അഞ്ജുവും അര്‍ജുനും വീട്ടില്‍ താമസം തുടങ്ങി. കണ്ടുനിന്നവരുടെയൊക്കെ ഹൃദയം നിറഞ്ഞ നിമിഷമായിരുന്നു അത്. വീട് മാത്രമല്ല വീട്ട് ഉപകരണങ്ങളും ഒപ്പം അര്ജുന് ഒരു സര്‍പ്രൈസ് സമ്മാനവും എംഎല്‍എ ഒരുക്കിയിരുന്നു. എല്ലാ പണിയും തീര്‍ത്ത് വെറും 'ഹൗസ്' അല്ലാതെ ഒരു 'ഹോം' കൈമാറി എന്ന സന്തോഷമാണ് ഗണേഷ് കുമാര്‍ പങ്കുവച്ചത്. അടുക്കളയില്‍ പാത്രങ്ങളും കിടപ്പ് മുറയില്‍ അലമാരയും കട്ടിലും കിടക്കയും തലയണയും എന്നിങ്ങനെ എല്ലാം ഒരുക്കിയാണ് അര്ജുന് വീട് നല്‍കിയത്. അര്ജുന് പഠിക്കാനുള്ള സ്റ്റഡി ടേബിളും ലൈറ്റും എല്ലാം ഒരുക്കിയിരുന്നു. എല്ലാത്തിനും ഒടുവില്‍ സര്‍പ്രൈസ് ആയി അര്ജുന് ഒരു സമ്മാനവും നല്കി, സൈക്കിള്‍.
കമുകുംചേരി വിട്ട് എവിടേക്കും സൈക്കിളുമായി പോകരുതെന്നും അദ്ദേഹം പറഞ്ഞു . വീടിന്റെ വാര്‍പ്പ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് കയറിയിട്ടില്ല എന്നും ഇന്ന് എനിക്ക് എം എല്‍ എ സമ്മാനിച്ച വീട് കണ്ടപ്പോള്‍ അതിശയിച്ചു പോയെന്നും ഒരു സൈക്കിളും മേടിച്ചു തന്നു, ഇത് സ്വപ്നമാണോ എന്ന് തോന്നിയതായും അര്ജുന് പറയുന്നു.