ഓണം വന്നതോടെ പല ക്ലബുകളില്‍ ഓണാഘോഷ പരിപാടികള്‍ ഒരുങ്ങുകയാണ്. കൈനിറയെ സമ്മാനങ്ങളുമായി ഒരുങ്ങുന്ന പരിപാടികളില്‍ പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ടെന്നാണ് എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
ഓണാഘോഷ പരിപാടികളില്‍ സമ്മാനമായി മദ്യം നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് എക്സൈസ് മുന്നറിയിപ്പില്‍ പറയുന്നു. പലയിടങ്ങളിലും മത്സര വിജയികള്‍ക്കും സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്കും മദ്യം സമ്മാനമായി നല്കുന്ന പ്രവണതയുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി എന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നല്‍കുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണ്. ആറുമാസം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടി ചേര്‍ന്നതോ ആണ് ശിക്ഷ എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു.
മദ്യം സമ്മാനമായി നല്‍കുമെന്ന് കാണിച്ച് കൃത്രിമമായി ഒരുക്കുന്ന മത്സരകൂപ്പണുകളും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ നോട്ടിസുകള്‍ കണ്ട് അനുകരിക്കരുതെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. പല രസീതുകളിലും മേല്‍വിലാസമോ ഫോണ്‍ നമ്പറോ ഇല്ല എന്നത് പരിശോധനകള്‍ക്ക് തടസ്സമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.