പാലക്കാട് ബസ്സ് അപകടം. പാലക്കാട്ടെ തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ വച്ച് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസ് അപകടത്തില്‍ പെടുകയായിരുന്നു.
ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകട സമയത്ത് 38 പേരായിരുന്നു ബസിലുണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര് മരിച്ചതായി ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാര്‍ വ്യക്തമാക്കി.
അതേസമയം, രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ബസിനടിയില്‍ പെട്ടവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം എംഎല്‍എ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് എംഎല്‍എ പങ്കുവെച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സമീപത്തെ ആശുപത്രികളിലെത്തിച്ചു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചെര്‍പ്ലശേരിക്ക് അടുത്തുള്ള സ്ഥലമാണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തില്‍ വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവില്‍ തന്നെ മറിയുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും ബസിനടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് വിവരം