ലോകമെങ്ങും കോവിഡിനെ പേടിച്ച കാലത്തില്‍ നിന്നും മുക്തരായി സാധാരണ ജിവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എന്നാലും കോവിഡ് ബാക്കി ആക്കി വെച്ചു പോയ ബുദ്ധിമുട്ടുകള്‍ ഉണ്ട്.
കോവിഡ് രോഗികളില്‍ 17.1 ശതമാനത്തിന് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ഐസിഎംആര്‍ പറയുന്നത്. ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹ സംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ ഇവരില്‍ അനുഭവപ്പെടുന്നതായി ഐസിഎംആറിന്റെ പഠനത്തില്‍ പറയുന്നു.
ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 6.5 ശതമാനം രോഗികള്‍ ഡിസ്ചാര്‍ജിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചതായും പഠനം ചൂണ്ടികാണിക്കുന്നു. ഐസിഎംആറിന്റെ ക്ലിനിക്കല്‍ സ്റ്റഡീസ് ആന്‍ഡ് ട്രയല്‍സ് യൂണിറ്റാണ് പഠനം നടത്തിയത്. 31 ആശുപത്രികളില്‍ നിന്നായി 14,419 രോഗികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. നിരീക്ഷണത്തില്‍ ഇവരില്‍ 942 പേര് ആശുപത്രി വിട്ട് ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചതായി കണ്ടെത്തി.