വാള്‍സാളില്‍ വ്യാഴാഴ്ച നായയുടെ ആക്രമണത്തിനിരയായ ഇയാന്‍ പ്രൈസ് എന്ന യുവാവിന്റെ മരണത്തിന് പിന്നാലെ അമേരിക്കന്‍ എക്സ്എല്‍ ബുള്ളി വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ഈ നായ്ക്കള്‍ സമൂഹത്തിന് അപകടമാണെന്നും വര്‍ഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കി. രണ്ട് നായ്ക്കള്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. നായ്ക്കളെ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതിന് മുപ്പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തില്‍ 11 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെയാണ് ഈ ബ്രീഡില്‍ വരുന്ന നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നത്.
ആഭ്യന്തര മന്ത്രി സുവല്ല ബ്രേവര്മാന് ആണ് നായ്ക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. അമേരിക്കന്‍ ബുള്ളി അതീവ അപകടകാരിയും സമൂഹത്തിന് ഭീഷണിയുമാണെന്നും ഇവയെ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ നായ്ക്കളെ നിരോധിക്കുമെന്ന് അറിയിച്ച് ഋഷി സുനക് രംഗത്തെത്തി. നിരോധിച്ച നായയെ സ്വന്തമാക്കിയാല്‍ പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും ലഭിക്കും.
നിലവില്‍ ഇത്തരം നായ്ക്കളെ വളര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുന്നതുള്‍പ്പെടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ന് ശേഷം ഈ ബ്രീഡില്‍ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേര് മരിച്ചുവെന്നും സുനക് പറഞ്ഞു. പിട്ബുള്‍ ടെറിയര്‍, ജാപ്പനീസ് ടോസ, ഡോഗോ അര്‍ജന്റീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളില്‍പ്പെടുന്ന നായ്ക്കള്‍ക്ക് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നായ്ക്കളെ നിരോധിക്കുമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ ബുള്ളി എക്സ്എല്ലുകളെ നശിപ്പിക്കില്ലെന്ന് യുകെ ചീഫ് വെറ്ററിനറി ഓഫീസര്‍ പറഞ്ഞു. അതിനിടെ നായ്ക്കളെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ചുമതലയുള്ള പരിസ്ഥിതി മന്ത്രി മാര്‍ക്ക് സ്പെന്‍സര്‍, നായ്ക്കളെ നിരോധിക്കാന്‍ ''അല്‍പ്പസമയം'' എടുക്കുമെന്ന് പറഞ്ഞു.