യുകെയില്‍ ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയ കുറ്റത്തിന് പിഴ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ പോലും 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റുകളുമാണ് ശിക്ഷ. രാജ്യത്തെ 13 ശതമാനത്തോളം ഡ്രൈവര്‍മാര്‍ ഈ കുറ്റം ചെയ്യുന്നവരാണെന്നാണ് പുതിയ കണക്കുകള്‍.
ഇത്തരം നിയമലംഘനങ്ങളില്‍ പെടാതിരിക്കാനായി നാം വണ്ടിയോടിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് സ്മാര്‍ട്ട് വാച്ചിലേക്കുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുന്നതായിരിക്കും ഉചിതമെന്നാണ് ഇതേപ്പറ്റി മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വെഹിക്കിള്‍ ബ്രോക്കര്‍ കമ്പനിയായ സ്‌ക്രാപ്പ് കാര്‍ കംപാനിസന്‍സ് പറയുന്നത്.
സ്മാര്‍ട്ട് വാച്ചാണ് കൈയിലുള്ളതെങ്കില്‍ വണ്ടിയോടിക്കുമ്പോഴായാല്‍ പോലും അതിലേക്ക് നോക്കാന്‍ മിക്കവരും പ്രലോഭിതരാകുമെന്നും ഇത് പിഴയടക്കേണ്ടുന്ന കുറ്റമായിത്തീരുമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സ്മാര്‍ച്ച് വാച്ചിലേക്ക് നോക്കിയാല്‍ പിഴയടക്കേണ്ടുന്നതിന് പുറമെ റോഡില്‍ നിന്ന് ശ്രദ്ധ മാറി അത് അപകടങ്ങള്‍ക്കും വഴിയൊരുക്കുമെന്നതിനാല്‍ വണ്ടിയോടിക്കുമ്പോള്‍ ഇത്തരം വാച്ചുകള്‍ അഴിച്ച് വയ്ക്കുന്നതായിരിക്കും ഉചിതമെന്ന് നിര്‍ദേശിക്കുന്നവരുമുണ്ട്.