പാറശ്ശാലയില്‍ നവരാത്രിഘോഷയാത്രയ്ക്കിടെ പാറശ്ശാല ശിവശങ്കരന് എന്ന ആനയോട് ക്രൂരത കാട്ടി പാപ്പാന്മാര്. ആന പ്രശ്നക്കാരനാണെന്ന് പറഞ്ഞ് ആനയുടെ കാലില്‍ അള്ളുവച്ച് കിലോമീറ്ററുകളോളം നടത്തുകയായിരുന്നു.
ആനയെ അള്ളിട്ട് നടത്തിക്കരുതെന്ന് കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ഇതെല്ലാം കണക്കിലെടുക്കാതെയാണ് പാപ്പാന്മാരുടെ പ്രവര്‍ത്തി. പുറത്തുവന്ന ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത് കിലോമീറ്ററുകള്‍ നടത്തുന്നതിന് ഏറെ മുന്‍പ് തന്നെ ആനയുടെ കാലില്‍ അള്ളുണ്ടായിരുന്നെന്നാണ്.ആനയുടെ കാല് മുറിഞ്ഞ് ചോര വന്നിട്ടും അതില്‍ മരുന്നിട്ടാണ് ആനയെ നടത്തിച്ചിരുന്നത്.
ആന പലപ്പോഴും മദപ്പാടിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും ഒരാളുടെ മരണത്തിന് വരെ ഈ ആന കാരണമായിരുന്നെന്നും അതിനാലാണ് അള്ളിട്ട് നടത്തിച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. ഘോഷയാത്രയില്‍ ആനയുടെ അവസ്ഥ കണ്ട നാട്ടുകാര്‍ പൊലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു