ഭാര്യയ്ക്ക് ഭക്ഷണം പാകം ചെയ്യാന്‍ അറിയില്ലെന്ന കാരണം കൊണ്ട് വിവാഹമോചനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ഭാര്യയ്ക്ക് പാചകം അറിയില്ലെന്ന കാരണം അറിയിച്ച യുവാവിനാണ് കോടതിയുടെ മറുപടി.
കോടതിക്കു മുന്നില്‍ യുവാവ് സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജിയിലാണ് ഭാര്യയ്ക്ക് പാചകം അറിയില്ലെന്ന് യുവാവ് പറഞ്ഞത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്.
ഭാര്യയ്ക്ക് പാചകം അറിയാത്തത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിന് ഇത് കാരണമല്ലെന്ന് ബെഞ്ച് പറഞ്ഞു.
2012ലാണ് ഇവരുടെ വിവാഹം നടന്നത്. ബന്ധുക്കള്‍ക്ക് മുന്നില്‍ വച്ച് ഭാര്യ മോശമായി പെരുമാറുന്നെന്നും തന്നെ ബഹുമാനിക്കുന്നില്ലെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ ആരോപിച്ചു. 2013ല്‍ ഭര്‍തൃവീട് വിട്ടുപോയ യുവതി തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയെന്നും ഹര്‍ജിയില്‍ പറഞ്ഞു. തന്റെ ജോലി കളയാനായി തൊഴിലുടമയ്ക്കു ഇ മെയില്‍ അയച്ചതായും ഭര്‍ത്താവ് ആരോപിച്ചു. തങ്ങള്‍ക്കിടയിലെ പ്രശ്നം തീര്‍ക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചാണ് ഇമെയില്‍ അയച്ചതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം.