കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ അവയെ തടയാനും പ്രതികരിക്കാനും പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് പോലീസ്. അതിന്റെ ഭാഗമായി പലതരം സൈബര്‍ പരാതികള്‍ക്കും സാമ്പത്തിക പരാതികള്‍ക്കും ഇനി പോലീസിനെ വാട്സ്ആപ്പിലൂടെ അറിയിക്കാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്.
വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കുന്നതിനും വാട്സ്ആപ്പ് നമ്പറിലൂടെ പോലീസിനെ അറിയിക്കാവുന്നതാണ്. ഇതിനായി 9497980900 എന്ന നമ്പര്‍ ഉപയോഗിക്കാമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗങ്ങളിലൂടെ പരാതി നല്‍കാം. നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.