ജീവിതത്തില്‍ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നവരുണ്ട്. ഇപ്പോഴിതാ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ദിവസവും 15 സിഗരറ്റ് വലിക്കുന്നതുപോലെ ഗുരുതരമായ പ്രശ്നമാണ് ഒറ്റപ്പെടലെന്നാണ് പറയുന്നത്.
വിഷാദം, ഉത്കണ്ഠ, ആത്മഹത്യ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും ഹൃദ്രോഗം, പക്ഷാഘാതം, ഡിമെന്‍ഷ്യ, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത പോലുള്ള ശാരീരിക ആരോഗ്യ പ്രശ്നങ്ങളും ഏകാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏകാന്തത സാമൂഹികമായ ഒറ്റപ്പെടലിനും ബന്ധങ്ങളില്‍ നിന്നും പിന്മാറാനും ഇടയാക്കും. ഏകാന്തതയെ ഗുരുതരമായ ആഗോള ആരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ നിരവധി കാര്യങ്ങളും തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പെടലിനെ മറികടക്കാന്‍ വിവിധ രാജ്യങ്ങളില്‍ പലതരത്തിലുള്ള പഠന ക്ലാസുകളും മറ്റുമാണ് ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്.ഏകാന്തത കേവലമൊരു മോശം വികാരം മാത്രമല്ല, അത് വ്യക്തിപരവും സാമൂഹികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.