ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും മുന്‍പേ എസക്‌സിലെ അയ്യപ്പ ഭക്ത വിശ്വാസികള്‍ ശരണം വിളിയാല്‍ കോള്‍ചെസ്റ്ററിലെ നൈലന്റ് വില്ലേജ് ഹാളില്‍ ഒത്തുകൂടി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഭജനയും വിളക്ക് പൂജയോടും കൂടി അയ്യപ്പ പൂജയ്ക്ക് തുടക്കം കുറിച്ചു. ശബരിമലയില്‍ സംക്രമ സന്ധ്യയുടെ പുണ്യം നുകരാന്‍ നിരവധി അയ്യപ്പ ഭക്തര്‍ എത്തുന്ന സമയത്താണ് എസ്‌കസ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ ഭക്തര്‍ നൈലന്റ് വില്ലേജ് ഹാളിനെ അയ്യപ്പന്റെ പൂങ്കാവനമാക്കിയത്.
ശരണം വിളികളാലും അയ്യപ്പ സൂക്തങ്ങളാലും ഭക്തി സാന്ദ്രമായിരുന്നൂ നൈലന്റ് വില്ലേജ് ഹാള്‍. കോള്‍ചെസ്റ്റര്‍, ചെംസ്‌ഫോര്‍ഡ്, ബാസില്‍ഡണ്‍, ഹാര്‍ലോ, സൗത്തെന്റ് സ്ഥലങ്ങളില്‍ നിന്നൂള്ള ഭക്തരാണ് അയ്യപ്പ പൂജയ്ക്കായി എത്തിച്ചേര്‍ന്നത്. ഓരോ സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ നേതൃത്വത്തില്‍ പ്രത്യേക ഭജനയും നടന്നൂ.
സ്റ്റേജില്‍ ഒരുക്കിയ പതിനെട്ടാം പടിയും അയ്യപ്പന്റെ ശ്രീകോവിലും ഭക്തര്‍ക്ക് സന്നിധാനത്തിലെത്തിയ പ്രതീതി ജനിപ്പിച്ചു. പതിനെട്ടാം പടിയിലുടനീളം ദീപങ്ങള്‍ കത്തിച്ചുള്ള പടി പൂജയും തുടര്‍ന്നൂള്ള ദീപാരാധനയും അയ്യപ്പ വിശ്വാസികളെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിച്ചതായി വിശ്വാസികള്‍ പറയുന്നൂ. തുടര്‍ന്ന് ഗാന ഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ പിറന്ന ഹരിവരാസം പാടി പൂജ അവസാനിച്ചപ്പോള്‍ ഒരോ വിശ്വാസിയും ശരണ മന്ത്രങ്ങളാല്‍ ഭക്തി സാന്ദ്രമായി. ഏഴുമണിയോടുകൂടി അന്നദാനവും അയ്യപ്പന്റെ പ്രസാദവും കഴിച്ച് വിശ്വാസികള്‍ നൈലന്റ് വില്ലേജ് ഹാള്‍ വിട്ടൊഴിഞ്ഞു.
ഈ വര്‍ഷത്തെ അയ്യപ്പ പൂജ ശ്രീകാന്ത് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് നടന്നത്. അദ്ദേഹം 2009 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ശബരിമലയിലെ പൂജാരിയായിരുന്നൂ. എസക്‌സ് ഹിന്ദു സമാജം അയ്യപ്പ പൂജ കമ്മറ്റി അംഗങ്ങളായ വിനൂ, ഷനില്‍, അജയ്, സുമേഷ്, സത്യ, രാധാകൃഷ്ണന്‍, യെദു, ലക്ഷ്മി യെദു, അനൂപ്, ചിത്ര അനൂപ്, ബ്രിജേഷ്, സജീഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയത്.
ഈ മാസം 21 ാം തീയതി ചെംസ്‌ഫോര്‍ഡില്‍ വെച്ച്എസക്‌സ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ അയ്യോദ്ധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ച് ആരതിയും ഭജനയും നടക്കുന്നുണ്ട്. എല്ലാ ശ്രീരാമ ഭക്തരെയും ചടങ്ങിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ശ്രീജിത്ത് ഫോട്ടോഗ്രാഫി