വാട്സ്ആപ്പ് കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ മികച്ച ഫീച്ചറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വാട്സ്ആപ്പിന്റേതായി പുറത്തിറങ്ങിയ ഒന്നായിരുന്നു വാട്സ്ആപ്പ് ചാനല്‍. പക്ഷെ വാട്സ്ആപ്പ് സ്റ്റാറ്റസിന് ലഭിച്ച പോലെ അത്ര സ്വീകരാര്യത ചാനലിന് ലഭിച്ചില്ല എന്നാണ് പൊതുവേ ഉള്ള സംസാരം. അതിനാല്‍ തന്നെ ഇക്കുറി ചാനലിലേക്ക് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പുതിയ അപ്ഡേഷനുകളാണ് എത്തുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് 'വാട്സ്ആപ്പ് ചാനല്‍സ്' സിനിമാ-കായിക രംഗത്തെ സെലിബ്രിറ്റികളിലൂടെയായിരുന്നു കമ്പനി ലോഞ്ച് ചെയ്തത്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഉപയോഗിച്ചായിരുന്നു മെറ്റ കേരളത്തില്‍ വാട്സ്ആപ്പ് ചാനലുകളെ പ്രമോട്ട് ചെയ്തത്. ആദ്യമെല്ലാം നല്ല രീതിയിലായിരുന്നു ചാനല്‍സിന്റെ പോക്ക്.
സെലിബ്രിറ്റികള്‍ക്കും കായിക ടീമുകള്‍ക്കും വന്‍ ബ്രാന്‍ഡുകള്‍ക്കുമൊക്കെ അവരുടെ പ്രധാനപ്പെട്ട അപ്ഡേറ്റുകളും ഉത്പന്നങ്ങളുമൊക്കെ ആളുകളിലേക്ക് നേരിട്ടെത്തിക്കാനുള്ള സൗകര്യമാണ് ചാനലുകളിലൂടെ സാധ്യമാകുന്നത്. ഭാവിയില്‍ ഒരു പ്രീമിയം ഫീച്ചറാക്കി വാട്സ്ആപ്പ് ചാനല്‍സിനെ മാറ്റാന്‍ മെറ്റ ഉദ്ദേശിക്കുന്നുമുണ്ടായിരുന്നു. ഇതിന്റെയെല്ലാം മുന്നോടിയായിട്ടാണ് ഇപ്പോള്‍ പുതിയ അപ്ഡേഷനുകള്‍ വരുന്നത്.
ഇപ്പോഴിതാ ഉപഭോക്താക്കളെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തന്‍ ഫീച്ചറുകളാണ് വാട്സ്ആപ്പ് ചാനല്‍സില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വോയസ് അപ്ഡേറ്റുകള് പങ്കുവെക്കാനുള്ള സൗകര്യം ഏറെ ആകര്‍ഷിക്കുന്നതാണ്. സാധാരണ ചാറ്റുകളിലെ വോയ്സ് മെസേജ് ഫീച്ചര്‍ തന്നെയാണ് ചാനലുകളിലും. ചാനല്‍ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ പ്രേക്ഷരോട് ശബ്ദത്തിലൂടെ സംവദിക്കാനും അതിലൂടെ അവരുമായി കൂടുതല്‍ അടുപ്പം നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.