കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷന് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ ടെര്‍മിനല്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ പത്തിന് ഉദ്ഘാടനം ചെയ്ത ശേഷം തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും.
ആദ്യ ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും. പുതുതായി നിര്‍മ്മിച്ച തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ രാവിലെ 9.45 മുതല്‍ കൊച്ചി മെട്രോ ഫേസ് 1-B നാടിന് സമര്‍പ്പിക്കുന്നതിന്റെ ചടങ്ങുകള്‍ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന് വരെ വരുന്ന 1.18 കിലോമീറ്റര്‍ ദൂരത്തിലേക്ക് കൂടിയാണ് കൊച്ചി മെട്രോ ഓടിയെത്താന്‍ പോകുന്നത്. മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. 1.35 ലക്ഷം ചതുരശ്ര അടിയില്‍ വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.
ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്എന്‍ ജംഗ്ഷന്- തൃപ്പൂണിത്തുറ സ്റ്റേഷന് മേഖലയില്‍ ഉള്‍പ്പെട്ട 60 മീറ്റര്‍ ദൂരത്തിലാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന് വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍.