ബാത്ത്റൂമിലെ പൂട്ട് കേടാണെന്ന് വിവരം അറിയാതെ അതിനുള്ളില്‍ കയറിയ യുവതിക്ക് ആ സമയം രക്ഷയായത് എന്താണെന്നോ ഒരു ഐലൈനര്‍ പെന്‍സിലും ഇയര്‍ പിക്കും!!! ഏഴ് മണിക്കൂറത്തെ ബാത്ത്റൂമിലെ 'പെട്ടുപോവലിന്' ശേഷം യുവതി പുറത്ത് വന്നത് ബുദ്ധിപരമായി.
ലണ്ടനിലെ ക്വീന്‍സ് കോളേജിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോയായ ഡോ.ക്രിസ്റ്റീന ഇല്കോയാണ് വളരെ ബുദ്ധിപരമായ ഇടപെടലിലൂടെ ഏഴ് മണിക്കൂറിന് ശേഷം ബാത്ത്റൂമില്‍ നിന്നും പുറത്ത് വന്നത്. ഇവരെ പുറത്ത് കടക്കാന്‍ സഹായിച്ചത് ഐലൈനര്‍ പെന്‍സിലും ഇയര്‍ പിക്കും ആണ്. താന്‍ നേരിട്ട ദുരുനുഭവം ബിബിസിയോട് പങ്കുവച്ചതോടെയാണ് ഇത് ലോകമാകെ അറിഞ്ഞത്. ഒടുവില്‍ താന്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും അവര്‍ വിവരിച്ചു.
സ്വന്തം ബാത്ത്റൂമിലെ പൂട്ട് കേടാണെന്ന് പ്ലംബര്‍ ക്രിസ്റ്റീനയോട് പറയാന്‍ മറന്നതാണ് കുടുങ്ങിപോകാന് കാരണമായത്. തടി കൊണ്ടുള്ള വാതിലായിരുന്നു ബാത്ത്റൂമിന്റേത്. ബാത്ത് റൂമില്‍ കുടുങ്ങിയ വിവരം മനസിലായതോടെ അവര്‍ ഉറക്കെ നിലവിളിക്കുകയും ആരെങ്കിലും തന്നെ രക്ഷപ്പെടുത്തണമെന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തെങ്കിലും അതെല്ലാം വിഫലമാകകുകയായിരുന്നു.
ബാത്ത്റൂമിന് ചുറ്റും മതിലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കാരണം ആരും ആ ശബ്ദം കേട്ടില്ല. പക്ഷെ ബുദ്ധിപൂര്‍വ്വമായ നീക്കം അവരെ പുറത്തെത്തിച്ചു.
ബാത്ത്റൂമില്‍ ഉണ്ടായിരുന്നതെല്ലാം ഉപയോഗിച്ച് അവര്‍ പൂട്ട് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ കൈയില്‍ കിട്ടിയത് ഒരു ഐലൈനര്‍ പെന്‍സിലും ഇയര്‍ പിക്കുമായിരുന്നു. ഇത് ഉപയോഗിച്ച് വാതിലിന്റെ പൂട്ട് തുറക്കാനുള്ള ശ്രമം ഭാഗ്യവശാല്‍ വിജയിക്കുകയായിരുന്നു.
'വാതില്‍ തടികൊണ്ടുള്ളതായതിനാല് എത്ര തകര്‍ക്കാന്‍ ശ്രമിച്ചിട്ടും അത് പൊട്ടിയില്ല. ഞാന്‍ ഏഴ് മണിക്കൂറോളം അതിനുള്ളില്‍ കുടുങ്ങി. ആരും തന്റെ വിളി കേള്‍ക്കാത്തതിനാല്‍ ദിവസങ്ങളോളം ഞാന്‍ അവിടെ കിടക്കേണ്ടി വരുമെന്ന് തന്നെയാണ് കരുതിയത്. എന്നാല്‍ ഒടുവില്‍ ഭാഗ്യം കൊണ്ട് ഒരു ഐലൈനറും ക്യൂ ടിപ്പും ഉപയോഗിച്ച് ലോക്ക് തുറക്കാനായി' യുവതി എക്സില്‍ കുറിച്ചു.