പ്രതീക്ഷിക്കുന്നതിലും വിലകൂടിയ സാധനം ഭര്‍ത്താവ് സമ്മാനമായി നല്കിയാല് എന്തായിരിക്കും ഒരു ഭാര്യയുടെ പ്രതികരണം? അതില്‍ സന്തോഷിക്കാത്ത ഒരു ഭാര്യയും ഉണ്ടാകില്ലെന്ന് തന്നെ പറയാം. പക്ഷെ വിലകൂടിയ സാധനം വാങ്ങി എന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കുറിച്ച് കേട്ടിട്ടുണ്ടോ?
സംഭവം ആഗ്രയിലാണ്. ആഗ്രയിലെ ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ എത്തിയ വളരെ വ്യത്യസ്തമായ ഒരു വിവാഹമോചന കേസ് എല്ലാവരയെും അമ്പരപ്പെടുത്തി. 30 രൂപയുടെ ലിപ്സ്റ്റിക്ക് ഭര്‍ത്താവ് വാങ്ങി നല്‍കിയത് അധിക ചിലവാണെന്ന് ആരോപിച്ച ഭാര്യയും ഭര്‍ത്താവും ഒടുവില്‍ വാക്കേറ്റവും കയ്യാങ്കളിയും ആയതാണ് ഇവരുടെ വിവാഹ മോചനത്തിനുള്ള കാരണം.
ആഗ്രയിലെ ഫാമിലി കൗണ്‍സിലിംഗ് സെന്ററിലെ കൗണ്‍സിലര്‍ സതീഷ് ഖിര്‍വാര്‍ ആണ് തന്റെ മുന്നിലെത്തിയ ഈ അപൂര്‍വ വിവാഹമോചന പരാതിയുടെ വിവരങ്ങള്‍ പുറത്തു വിട്ടത്. പരാതിക്കാരിയായ യുവതി എത്മാദ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ളയാളാണ്. ഭര്‍ത്താവാകട്ടെ മഥുര സ്വദേശിയും. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. തനിക്കൊരു ലിപ്സ്റ്റിക്ക് വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയുടെ ആവശ്യപ്രകാരം ഭര്‍ത്താവ് അവര്‍ക്കായി ഒരു ലിപ്സ്റ്റിക്ക് വാങ്ങുന്നു.
തുടര്‍ന്ന്് ലിപ്സ്റ്റിക്കുമായെത്തിയ ഭര്‍ത്താവിനോട് ഭാര്യ അതിന്റെ വില ചോദിക്കുന്നു. 30 രൂപയുടെ ലിപ്സ്റ്റിക്ക് ആണതെന്ന് അറിഞ്ഞതും തനിക്ക് 10 രൂപയുടെ ലിപ്സ്റ്റിക്ക് മതിയായിരുന്നുവെന്നും ഇത്രയും വിലകൂടിയ ലിപ്സ്റ്റിക് എന്തിന് വാങ്ങി എന്നുമായി ഭാര്യ. 30 രൂപയില്‍ കുറഞ്ഞ ലിപ്സ്റ്റിക്ക് ഇല്ലെന്ന് ഭര്‍ത്താവും മറുപടി നല്കി. എന്നാല്‍, ഇത്തരത്തില്‍ പണം ചെലവാക്കിയാല്‍ കുടുംബ ബജറ്റ് താളം തെറ്റുമെന്നായി ഭാര്യ. ഒടുവില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി പോകുകയായിരുന്നു.
വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സിലിംഗിനാണ് ഇരുവരും സതീഷ് ഖിര്വാറിന്റെ കൗണ്‍സിലിംഗ് സെന്ററില്‍ എത്തിയത്. ഇരുഭാഗങ്ങളും കേട്ട അദ്ദേഹം അവരെ അനുനയിപ്പിച്ചു. ഭാര്യയുടെ ആശങ്കകള്‍ ഭര്‍ത്താവിനെ പറഞ്ഞു മനസ്സിലാക്കി. ഭര്‍ത്താവിന്റെ ഭാഗം ഭാര്യയേയും ബോധ്യപ്പെടുത്തി. ഒടുവില്‍ ഭാര്യയ്ക്ക് ഇഷ്ടമുള്ള ലിപ്സ്റ്റിക്ക് വാങ്ങി നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുകയും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നും സതീഷ് ഖിര്‍വാര്‍ പറഞ്ഞു.