വിമാനയാത്രയില്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. പാലിക്കേണ്ട ചില കാര്യങ്ങളും ഉണ്ടാകും. എന്നാല്‍ ചില യാത്രക്കാരുടെ അശ്രദ്ധ കാരണം ചില അബദ്ധങ്ങള്‍ സംഭവിച്ച കാര്യങ്ങള്‍ വാര്‍ത്തയാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവത്തിന്റെ ഒരു വീഡിയോ ആണ് പുറത്ത് വരുന്നത്.
വിമാനയാത്ര ആരംഭിക്കുന്നതിന് മുന്‍പ് എഞ്ചിനിലേക്ക് യാത്രക്കാരന് നാണയം ഇട്ടതോടെ വിമാനത്തില്‍ പിന്നീടുണ്ടായത് വലിയ പ്രശ്നങ്ങളായിരുന്നു. മാര്‍ച്ച് ആറിന് സന്യയില് നിന്ന് ബെയ്ജിംഗിലേക്കുള്ള ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ആരും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം നടന്നത്.
ഒരു യാത്രക്കാരന് വിമാനത്തിന്റെ എഞ്ചിനിലേക്ക് നാണയങ്ങള്‍ വലിച്ചെറിഞ്ഞതോടെ വിമാനം തന്നെ വൈകുകയായിരുന്നു. നാണയം എഞ്ചിനില്‍ വീണതോടെ രാവിലെ 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം നാല് മണിക്കൂറിലധികം വൈകി. വിമാനം പുറപ്പെടാന്‍ അസ്വാഭാവികത തോന്നിയപ്പോള്‍ നടത്തിയ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എഞ്ചിനിലെ തകരാറ് കണ്ടത്താന്‍ ജീവനക്കാര്‍ക്ക് സാധിച്ചത്. നാണയങ്ങള്‍ എറിഞ്ഞതായി സംശയിക്കുന്ന ഒരു യാത്രക്കാരനെ ഫ്ലൈറ്റ് അറ്റന്‍ഡന്റ് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നുകഴിഞ്ഞു. എന്നാല്‍, ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
ഇയാള്‍ ഭാഗ്യം വരുന്നതിനായിട്ടാണ് എഞ്ചിനിലേക്ക് നാണയങ്ങള്‍ ഇട്ടതെന്നും പിന്നീട് സമ്മതിച്ചു. ഒടുവില്‍ മെയിന്റനന്‍സ് ജീവനക്കാരുടെ സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കിടെ നാണയങ്ങള്‍ കണ്ടെത്തിയതായി എയര്‍ലൈന്‍ സ്ഥിരീകരിച്ചു, എന്നാല്‍, എഞ്ചിനില്‍ നിന്നും എത്ര നാണയങ്ങള്‍ ലഭിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവം ചൈന സതേണ്‍ എയര്‍ലൈന്‍സിന്റെ ശക്തമായ പ്രതികരണത്തിന് കാരണമായി.
ചൈനീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ വെയ്ബോയില്, എയര്‍ലൈന്‍സിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ഇത്തരം അപരിഷ്കൃതമായ പെരുമാറ്റങ്ങള്‍ നിരാശജനകമാണന്നും യാത്രക്കാര്‍ ആവര്‍ത്തിക്കരുതെന്നും കുറിച്ചു. വിമാന എഞ്ചിനിലേക്ക് ഇത്തരം വസ്തുക്കള്‍ എറിയുന്നതിന്റെ അപകടങ്ങളെക്കുറിച്ച് എയര്‍ലൈന്‍ ഊന്നിപ്പറഞ്ഞു. ഇത് വ്യോമയാന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും തക്കതായ ശിക്ഷ അനുഭവിക്കുമെന്നും അവര്‍ വ്യക്തമാക്കി.