പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. വീഴ്ച്ചയിലുണ്ടായ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നിലവില്‍ ആരോഗ്യനില തൃപ്തികരമായതോടെ മമതയുടെ ആവശ്യപ്രകാരമാണ് വീട്ടിലേക്ക് മടങ്ങിയത്. വീഴ്ച്ചയിലുണ്ടായ ആഴത്തിലുള്ള മുറിവ് തുന്നികെട്ടിണ്. കൊല്‍ക്കത്ത കാലിഘട്ടിലെ വസതിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.
ആരോ പിന്നില്‍ നിന്നും തള്ളിയതോടെ മമത ഷോക്കേസിലിടിച്ച് വീഴുകയായിരുന്നുവെന്നാണ് എസ്എസ്കെഎം ആശുപത്രി ഡയറക്ടര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അതേസമയം മുഖ്യമന്ത്രി കാല് വഴുതി വീഴുകയായിരുന്നോ രക്തസമ്മര്‍ദ്ദത്തിലുണ്ടായ ഏറ്റക്കുറച്ചിലില്‍ ബോധരഹിതയായതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.
'വൈകിട്ട് 6.30 ഓടെയാണ് മമതാ ബാനര്‍ജി മുറിവേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പിന്നില്‍ നിന്നും ആരോ തള്ളിയതിനെത്തുടര്‍ന്നാണ് പരിക്കേറ്റതെന്ന് മനസ്സിലാക്കുന്നു. നെറ്റിയിലും മൂക്കിലും ആഴത്തിലുള്ള മുറിവുണ്ട്. രക്തം ഒലിച്ച നിലയിലാണ് ചികിത്സ തേടിയത്.' ഡയറക്ടര്‍ വിശദീകരിച്ചു. നിരീക്ഷണത്തില്‍ തുടരാന്‍ മെഡിക്കല്‍ വിദഗ്ധര്‍ നിര്‍ദേശിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങണമെന്ന് മമത പറയുകയായിരുന്നു എന്ന് ഡയറക്ടര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഇതുവരെയും കേസെടുത്തിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.