പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ വീണ്ടും കേരളത്തില്‍ എത്തുകയാണ് പ്രധാനമന്ത്രി.
ഉച്ചയോടെ പത്തനംതിട്ടയിലെത്തുന്ന പ്രധാനമന്ത്രി അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കുചേരും. മോദി എന്തുപറയുമെന്ന ആകാംക്ഷയിലാണ് ജില്ലയിലെ വോട്ടര്‍മാര്‍. റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട നിര്‍ണായ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്, ജില്ലാ അദ്ധ്യക്ഷന്‍ വി.എ.സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കുക.
പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍ നിന്ന് ഒരുലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. അനില്‍ ആന്റണിയെക്കൂടാതെ സംസ്ഥാനത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളായ കേന്ദ്രമന്ത്രി വി മുരളീധരന്, ശോഭാ സുരേന്ദ്രന് (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര) തുടങ്ങിയവരും ഉണ്ടാകും.
പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകള്‍ ഉള്‍പ്പടെയുള്ളവ പറത്തുന്നത് നിരോധിച്ചു.