യുവതിയെ മോശമായി സ്പര്‍ശിച്ചെന്ന പരാതിയില്‍ കൊറിയന്‍ നടന് ഓ യൂങ് സൂകുറ്റക്കാരനെന്ന് തെളിഞ്ഞു. പ്രാദേശിക കോടതിയുടെ വിധിയിലാണ് കുറ്റകാരനാണെന്ന് തെളിഞ്ഞത്.
2017-ല്‍ നടന്ന സംഭവത്തിലാണ് നടന് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. എട്ടുമാസം തടവും 40 മണിക്കൂര്‍ ബോധവത്കരണ ക്ലാസുമാണ് സൂവിന് വിധിച്ചിരിക്കുന്നു ശിക്ഷ.
നെറ്റ്ഫ്ളിക്സിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമില്‍ പ്ലേയര്‍-001 എന്ന വേഷം കൈകാര്യം ചെയ്ത നടനാണ് സൂ. 2021 ഡിസംബറിലാണ് യുവതി 78-കാരനായ സൂവിനെതിരെ പരാതിയുമായി രംഗത്തുവരുന്നത്. എന്നാല്‍ നടനെതിരെ പോലീസ് നടപടിയൊന്നും എടുത്തില്ല. 2022 ഏപ്രിലില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് അധികൃതര്‍ കേസ് പുനരന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സൂവിനെതിരെ തെളിവ് ലഭിച്ചത്.
വിചാരണ വേളയില്‍, പരാതിക്കാരിയുടെ സാക്ഷ്യത്തിന്റെ സ്ഥിരതയും വിശ്വാസ്യതയും ജഡ്ജി ജിയോങ് യോന്‍-ജു എടുത്തുപറഞ്ഞു. യുവതിയുടെ വിശദീകരണം യഥാര്‍ത്ഥവും യഥാര്‍ത്ഥ അനുഭവങ്ങളുടെ പ്രതിഫലനവുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സര്‍ക്കാര്‍ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് സാംസ്കാരിക മന്ത്രാലയം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. 50 വര്‍ഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഓ യൂങ് സൂ സ്ക്വിഡ് ഗെയിം പരമ്പരയിലൂടെയാണ് ലോകപ്രശസ്തി നേടിയത്.