സ്തനങ്ങളില്‍ ക്യാന്‍സര്‍ ട്യൂമര്‍ വളരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ മോണിറ്റര്‍ ഘടിപ്പിച്ച ബ്രാ തയ്യാറാക്കുകയാണ് ശാസ്ത്രജ്ഞര്‍. ഈ ഡിവൈസ് ബ്രായില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന തരത്തിലാകും രൂപകല്‍പ്പന ചെയ്യുക. ഇതോടെ സ്വന്തം വീടുകളുടെ സൗകര്യത്തില്‍ രോഗികള്‍ക്ക് ട്യൂമര്‍ വളര്‍ച്ച സ്വയം തിരിച്ചറിയാന്‍ അവസരം ഒരുക്കുകയാണ് ഗവേഷകര്‍.
ഉപകരണം രോഗികളുടെ ബ്രായ്ക്കുള്ളില്‍ വയ്ക്കാന്‍ സാധിക്കും. അതുമല്ലെങ്കില്‍ ഈ ഉപകരണം ഉള്‍പ്പെടുത്തി പുതിയ ബ്രാകള്‍ രൂപകല്‍പ്പന ചെയ്യാനും സാധിക്കും. ഉപകരണത്തില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം സ്മാര്‍ട്ട്ഫോണ്‍ വഴിയായി ധരിക്കുന്നവര്‍ക്കും അതോടൊപ്പം മെഡിക്കല്‍ ടീമിനും കൈമാറി കൊണ്ടിരിക്കും. നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ ടെക്നോളജീസ് ഇന്നൊവേഷന് സംവിധാനത്തിലാണ് ഡിവൈസ് വികസിപ്പിക്കുന്നത്. ഇതൊരു ഇലക്ട്രിക് കറന്റ് ഉപയോഗിച്ച് സ്കാന്‍ ചെയ്യുകയും, ഉള്ളിലെ ഫ്ളൂയിഡുകളില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും കണ്ടെത്താനും, സ്തനങ്ങളുടെ പുറം കോശങ്ങളിലെ മാറ്റങ്ങള്‍ തിരിച്ചറിയാനും സഹായിക്കും.
സ്ത്രീകള്‍ക്കിടയില്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ഒരു സുപ്രധാന കാരണം ബ്രെസ്റ്റ് കാന്‍സര്‍ ആണ്. 2022 -ല്‍ മാത്രം ക്യാന്‍സര്‍ ബാധിച്ച് 670,000 പേരാണ് ആഗോളതലത്തില്‍ മരണമടഞ്ഞത്. ഓരോ വര്‍ഷവും യുകെയില്‍ മാത്രം 11.500 സ്ത്രീകളും 85 പുരുഷന്മാരും സ്തനാര്‍ബുദം മൂലം മരണമടയുന്നതായാണ് ഏകദേശ കണക്കുകള്‍. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 1,62468 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.