അമേരിക്കയില്‍ വീണ്ടും ഒരു ഇന്ത്യന്‍ വിദ്യആര്ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രേദശിലെ ഗുണ്ടൂര്‍ ജില്ലയിലെ ബുരിപാളം സ്വദേശി അഭിജിത് പരുചുരു ആണ് മരിച്ചത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.
അഭിജിത്തിന്റെ മാതാപിതാക്കള്‍ പരുചുരി ചക്രഥാറും ശ്രീലക്ഷ്മി ബൊറുണയും നിലവില്‍ കണക്ടിക്കട്ടിലാണ് താമസം. കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. മകനെ അജ്ഞാതര്‍ മാര്‍ച്ച് 11ന് യൂണിവേഴ്സിറ്റി കാമ്പസില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലാക്കി വനത്തിനുള്ളില്‍ ഉപേക്ഷിച്ചതാണെന്ന് കുടുംബം ആരോപിക്കുന്നു.
അഭിജിത്തിനെ കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതയുള്ളതായി കരുതുന്നില്ലെന്ന് ന്യുയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചുവെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
ഇതോടെ ഈ വര്‍ഷം മാത്രം അമേരിക്കയില്‍ മരണപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഒമ്പതായി.