തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ പതിനൊന്നു മാസം പ്രായമായ കുഞ്ഞിന് ട്യൂമര്‍ ശസ്ത്രക്രിയ. അഡ്രിനല്‍ ഗ്രന്ഥിയിലെ ട്യൂമറുമായി എത്തിയ കുഞ്ഞിനാണ് സുരക്ഷിതമായി ട്യൂമര്‍ നീക്കം ചെയ്തുകൊണ്ട് ശസ്ത്രക്രിയ നടത്തിയത്.
കൊല്ലം സ്വദേശികളായ മാതാപിതാക്കള്‍ കുട്ടിയെ കിംസ്ഹെല്‍ത്തിലെ ശിശുരോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. സനൂജ ടൈറ്റസ് സന്തോഷിന്റെ പക്കലെത്തിക്കുകയായിരുന്നു. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സിടി സ്കാനില്‍ കുട്ടിയുടെ വലത്തേ വൃക്കയ്ക്കു മുകളില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍, വലിയ രക്തക്കുഴലിനോടും കരളിനോടും ചേര്‍ന്ന്, ട്യൂമര്‍ സ്ഥിരീകരിക്കുകയായിരുന്നു. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളായ കോര്‍ട്ടിസോളും അഡ്രിനാലിനും പുറപ്പെടുവിക്കുന്ന ഗ്രന്ഥിയാണ് അഡ്രിനല്‍ ഗ്രന്ഥി. ചെറിയ പ്രായത്തില്‍ കണ്ടുവരുന്ന അഡ്രിനല്‍ ട്യൂമറുകള്‍ ക്യാന്‍സറായിരിക്കാനുള്ള സാധ്യത കൂടുതലാണ്.
കോപിക് രീതിയിലുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കം ചെയ്തത്. കുട്ടിയുടെ പിന്‍ഭാഗത്തു നിന്ന് താക്കോല്‍ദ്വാരത്തിലൂടെ അഡ്രിനല്‍ ട്യൂമറിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധ്യമാകും. അനെസ്തേഷ്യയുടെ സഹായത്തോടെ, കുഞ്ഞിനെ കമഴ്ത്തി കിടത്തി രണ്ടര മണിക്കൂറോളം നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് സര്‍ജിക്കല്‍ സംഘം കുട്ടിയുടെ വയറ്റില്‍ നിന്നും ട്യൂമര്‍ നീക്കം ചെയ്തത്.
വയറിന്റെ പുറകില്‍ കടന്ന് മറ്റ് അവയവങ്ങളെ ബാധിക്കാത്ത രീതിയിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് പീഡിയാട്രിക് മിനിമല്‍ ആക്സസ് സര്‍ജനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റെജു ജോസഫ് തോമസ് പറഞ്ഞു. രക്തക്കുഴലുകള്‍ ഒരേ സമയം സീല്‍ ചെയ്ത് മുറിക്കാന്‍ സാധിക്കുന്ന ലൈഗാഷ്വര്‍ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ സുരക്ഷമായും വേദനരഹിതമായും പൂര്‍ത്തിയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം അന്ന് വൈകുന്നേരം തന്നെ കുട്ടി വെള്ളവും ഭക്ഷണവും കഴിക്കാന്‍ തുടങ്ങി. അടുത്ത ദിവസം മുതല്‍ തന്നെ ഇരിക്കാനും കളിക്കാനും തുടങ്ങിയിരുന്നു. അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേക്കബ് ജോണ്‍ തിയോഫിലസ്, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജയാനന്ദ് സുനില്‍, കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്‍ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.