മെഡിക്കല്‍ ലോകത്തിന് അഭിമാനിക്കാവുന്ന സംഭവമാണ് കഴിഞ്ഞ ദിവസം യുഎസില്‍ നടന്നത്. ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മനുഷ്യനില്‍ മാറ്റിവെച്ച വാര്‍ത്ത ഏറെ അത്ഭുതത്തോടെയാണ് നടന്നത്.
മസാചുസെറ്റ്‌സിലെ ജനറല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. യുഎസിലെ മസാച്യൂസെറ്റ്‌സ് സ്വദേശി റിച്ചാര്‍ഡ് സ്ലേമാന്‍ എന്ന 62കാരനാണ് പന്നിവൃക്ക സ്വീകരിച്ചത്. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകള്‍ കഴിച്ച് വിശ്രമിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നല്‍കിയത് മസാച്യുസെറ്റ്‌സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. സ്ലേമാന്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പന്നികളില്‍ കാണപ്പെടുന്ന, മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന ജീനുകള്‍ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകള്‍ കൂട്ടിച്ചേര്‍ത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്. ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. 2018ല്‍ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാന്‍.