മലപ്പുറം കാളികാവില്‍ സ്വന്തം മകളെ പിതാവ് തന്നെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
കുട്ടിയുടെ അമ്മ ഷഹാനത്തിനെയും ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പരാതിയുമായി ചെന്നപ്പോള്‍ സ്റ്റേഷനില്‍നിന്ന് ആട്ടിയിറക്കുകയാണ് ചെയ്തതെന്നു കുടുംബം ആരോപിക്കുന്നു.
ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പൊലീസ് പറഞ്ഞത്. ആ സമയത്തുതന്നെ പൊലീസ് നടപടി എടുത്തിരുന്നെങ്കില്‍ കുട്ടിയെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്ന് മാതാവിന്റെ സഹോദരി റെയ്ഹാനത്ത് പറഞ്ഞു.
ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.