കേരളക്കരയുടെ മുഴുവന്‍ വെറുപ്പ് സമ്പാദിച്ച വ്യക്തിയാണ് സത്യഭാമ. കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തില്‍ പങ്കെടുക്കരുതെന്ന പരമാര്‍ശം ഇവരെ നിരവധി വിമര്‍ശനങ്ങളിലേക്കാണ് എത്തിച്ചത്. ഇപ്പോഴിതാ താന്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണെന്നാണ് ഇവര്‍ പറയുന്നത്.
തന്റെ കുടുംബത്തെ വരെ വലിച്ചിഴച്ച് അധിക്ഷേപം തുടരുകയാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സത്യഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. താന്‍ ചില യൂട്യൂബ് ചാനലുകളോട് പറഞ്ഞ കാര്യത്തെ മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ അധിക്ഷേപം നേരിടുന്നു എന്നുമാണ് സത്യഭാമ ആരോപിക്കുന്നത്. തന്റെ കുടുംബത്തെയും സ്വകാര്യതയെയും വലിച്ചിഴച്ച് കൊണ്ട് അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തന്റെ അഭിമുഖം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടല്ലെന്നും സത്യഭാമ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമയാണ് സത്യഭാമ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന രീതിയില്‍ പ്രതികരിക്കുന്നത്. നേരത്തെ മാദ്ധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴും സത്യഭാമ പരാമര്‍ശത്തില്‍ ഉറച്ചുനിന്നിരുന്നു.
സംഭവം വിവാദമായതോടെ കാലാസാംസ്കാരിക പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. 'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന് ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നുപറഞ്ഞാല്‍ ഇതുപോലെയൊരു അരോചകത്വം വേറെയില്ല.
ആണ്പിള്ളേര്ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല'- ഇങ്ങനെയായിരുന്നു സത്യഭാമയുടെ പരാമര്‍ശം.