ചൂട് കാലാവസ്ഥയെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുകയാണ്. പ്രചരണത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് സൂര്യാഘാതമേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരത്ത് വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാമിനാണ് സൂര്യാഘാതമേറ്റത്.
വലമ്പിലിമംഗലം മുപ്പാതാം നമ്പര്‍ ബൂത്തില്‍ വീടുകയറിയുളള പ്രചാരണം നടത്തുന്നതിന് ഇടയിലായാണ് സൂര്യാഘാതമേറ്റത്. മുതുകിലും നെഞ്ചിലും പൊള്ളലുണ്ട്. ഇതോടെ തോമസ് അബ്രഹാമിനെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൂര്യാഘാതമേറ്റതിന്റെ പാടുകള്‍ പൂര്‍ണമായും മാറാത്തതിനാല്‍ തോമസ് എബ്രഹാം ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിന്ന് വിട്ടുനില്‍ക്കുകയാണ്. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് ഇദ്ദേഹം. അതേസമയം, സംസ്ഥാനത്ത് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ചൂടിന് ഒരു ശമനവുമില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കടുത്ത ചൂട് ഉണ്ടാകും എന്ന് തന്നെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളില്‍ താപനില വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് താപനില വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത്. സാധാരണ താപനിലയെക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കും എന്നാണ് മുന്നറിയിപ്പ്.