തൊഴില്‍രഹിതരോ, കുറഞ്ഞ വരുമാനക്കാരോ, തൊഴിലെടുക്കാന്‍ കഴിവില്ലാത്തവരോ ആയ വ്യക്തികള്‍ക്ക് ജീവിതചെലവ് കണ്ടെത്താന്‍ സഹായിക്കുന്ന യൂണിവേഴ്സല്‍ ക്രെഡിറ്റ് തട്ടിപ്പ് നടത്തിയ സംഘം പടിയില്‍. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏറ്റവും വലിയ ആനുകൂല്യ തട്ടിപ്പ് എന്ന് ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് (സിപിഎസ്) വിശേഷിപ്പിച്ച സംഘത്തിലെ അഞ്ച് അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ബള്‍ഗേറിയന്‍ സംഘം നാലര വര്‍ഷത്തിനിടെ യൂണിവേഴ്സല്‍ ക്രെഡിറ്റിനായി ആയിരക്കണക്കിന് വഞ്ചനാപരമായ ക്ലെയിമുകളാണ് നടത്തിയത്. ഇതിലൂടെ 539 ലക്ഷം പൗണ്ടാണ് സംഘം സമ്പാദിച്ചത്.
ലണ്ടനിലെ വുഡ് ഗ്രീന്‍ ക്രൗണ്‍ കോര്‍ട്ടില്‍ അഞ്ച് പേരും തട്ടിപ്പ് കുറ്റം സമ്മതിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങളും ഇവര്‍ സമ്മതിച്ചു. CPS പ്രകാരം, ഗുണേഷ് അലി, 33, ഗലീന നിക്കോളോവ, 38, സ്റ്റോയന്‍ സ്റ്റോയനോവ്, 27, ഷ്വെറ്റ്ക ടോഡോറോവ, 52, പട്രീഷ്യ പനേവ, 26 എന്നീ പ്രതികളാണ് യഥാര്‍ത്ഥ വ്യക്തികളെയോ ഹൈജാക്ക് ചെയ്തവരെയോ ഉപയോഗിച്ച് യൂണിവേഴ്സല്‍ ക്രെഡിറ്റിനായി ആയിരക്കണക്കിന് തെറ്റായ ക്ലെയിമുകള്‍ ഉന്നയിച്ചത്. വ്യാജ വാടക കരാറുകള്‍, വ്യാജ പേയ്സ്ലിപ്പുകള്, ഭൂവുടമകള്‍, തൊഴിലുടമകള്‍, ജിപിമാര്‍ എന്നിവരില്‍ നിന്നുള്ള വ്യാജ കത്തുകള്‍ എന്നിവയുള്‍പ്പെടെ വ്യാജരേഖകള്‍ ചമച്ചാണ് അവര്‍ ക്ലെയിമുകള്‍ നടത്തിയത്. ക്ലെയിമുകള്‍ നിരസിക്കപ്പെട്ടാല്‍, അത് അനുവദിക്കുന്നതുവരെ തട്ടിപ്പുകാര്‍ വീണ്ടും വീണ്ടും ശ്രമിക്കുമെന്ന് സിപിഎസ് പറഞ്ഞു.
നോര്‍ത്ത് ലണ്ടനിലെ വുഡ് ഗ്രീന്‍ ഏരിയയിലെ മൂന്ന് 'ബെനിഫിറ്റ് ഫാക്ടറികള്‍' അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഒരു നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പറും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും നേടുന്നതിന് ആളുകളെ സഹായിക്കാമെന്ന് അവകാശപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പിനായി രംഗത്തിറങ്ങിയത്. അപേക്ഷകര്‍ ആനുകൂല്യങ്ങള്‍ക്കായി അവകാശവാദമുന്നയിച്ച ശേഷം, അവ സംഘടിത ക്രൈം ഗ്രൂപ്പിന്റെ കൈകളില്‍ ഏല്‍പ്പിച്ചതായി കണ്ടെത്തി.
ക്ലെയിമുകള്‍ നടത്തിക്കഴിഞ്ഞാല്‍, നിരവധി ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വെളുപ്പിക്കുകയോ പണമായി പിന്‍വലിക്കുകയോ ചെയ്തു. 2016 ഒക്ടോബറിനും 2021 മെയ് മാസത്തിനും ഇടയിലാണ് തെറ്റായ ക്ലെയിമുകള്‍ ഉന്നയിക്കപ്പെട്ടത്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കോടതികളില്‍ ഇതുവരെ കൊണ്ടുവന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആനുകൂല്യ തട്ടിപ്പാണിതെന്ന് സ്പെഷ്യലിസ്റ്റ് സിപിഎസ് പ്രോസിക്യൂട്ടര്‍ ബെന്‍ റീഡ് പറഞ്ഞു. ഈ പ്രതികള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് സിസ്റ്റത്തിനെതിരെ വലിയ തലത്തിലുള്ള തട്ടിപ്പ് നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് തെറ്റായ ക്ലെയിമുകള്‍ സമര്‍പ്പിച്ചുകൊണ്ട്, സംഘടിത കുറ്റവാളികള്‍ നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളെ സംരക്ഷിക്കാനും സഹായിക്കാനും രൂപകല്‍പ്പന ചെയ്ത സര്‍ക്കാര്‍ ഫണ്ടുകളില്‍ നിന്ന് സ്വയം സമ്പന്നരായി. എന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സംഘത്തിലൊരാളായ അലി, പോലീസ് ജാമ്യത്തില്‍ വിട്ടയച്ച ശേഷം ബള്‍ഗേറിയയിലേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് യുകെയിലേക്ക് തിരികെ കൊമ്ടുവരികയായിരുന്നു. അലി, നിക്കോളോവ, സ്റ്റോയനോവ്, ടൊഡോറോവ, പനേവ എന്നിവര്‍ക്ക് മെയ് 28 ന് വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതിയില്‍ ശിക്ഷ വിധിക്കും.
തൊഴില്‍രഹിതരോ, കുറഞ്ഞ വരുമാനക്കാരോ, തൊഴിലെടുക്കാന്‍ കഴിവില്ലാത്തവരോ ആയ വ്യക്തികള്‍ക്ക് ജീവിതചെലവ് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ആനുകൂല്യമാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്. പ്രതിമാസം 311.68 പൗണ്ട് മുതലാണ് സ്റ്റാന്‍ഡേര്‍ഡ് പേയ്മെന്റ് ആരംഭിക്കുന്നത്. എന്നാല്‍, നിങ്ങളുടെയും പങ്കാളിയുടെങ്കില് പങ്കാളിയുടെയും സാഹചര്യമനുസരിച്ച് ഈ തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. നിങ്ങളുടെ കൈവശം പണമായോ, സേവിംഗ്സ് ആയോ അതല്ലെങ്കില്‍ നിക്ഷേപമായോ 16,000 പൗണ്ടോ അതില്‍ കുറവോ ആണ് ഉള്ളതെങ്കില്‍, നിങ്ങള്‍ക്ക് യു കെയില്‍ തന്നെ ജീവിക്കേണ്ട സാഹചര്യമാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കാവുന്നതാണ്.