ബ്രാഡ്ഫോര്‍ഡ് സിറ്റി സെന്ററില്‍ കൈകുഞ്ഞുമായി ഷോപ്പിങ്ങിനെത്തിയ 27 കാരിയെ കുത്തികാലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുകെയില്‍ യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയായ ഹബീബൂള്‍ മാസുമാണ് പോലീസ് പിടിയിലായത്. സംഭവം നടന്ന സ്ഥലത്തുനിന്നും150 മൈലുകള്‍ അകലെയാണ് പ്രതി അറസ്റ്റിലായ സ്ഥലം. ഇത്രയും ദൂരം പോലീസിന്റെ കണ്ണു വെട്ടിച്ച് പ്രതി എങ്ങനെ യാത്ര ചെയ്തു എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.21നാണ് ഡ്രൂട്ടണ് റോഡിന് സമീപമുള്ള വെസ്റ്റ്ഗേറ്റില്‍ വച്ച് യുവതിയെ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയ യുവതിയ്ക്കൊപ്പം പ്രാമില്‍ ഒരു വയസുള്ള കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. കുഞ്ഞിനെ തള്ളി മാറ്റിയാണ് പ്രതി അമ്മയെ ആക്രമിച്ചത്. പ്രതിയും യുവതിയും പരസ്പരം അറിയാമായിരുന്നുവെന്ന് പോലീസ് മുമ്പ് പറഞ്ഞിരുന്നുവെങ്കിലും അവരുടെ ബന്ധത്തിന്റെ സ്വഭാവം സ്ഥിരീകരിച്ചിട്ടില്ല.
സുഹൃത്തിനൊപ്പം ഷോപ്പിംഗ് ചെയ്യുന്നതിനിടെ നാലോ, അഞ്ചോ തവണയാണ് യുവതിക്ക് കുത്തേറ്റതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ബ്രാഡ്ഫോര്‍ഡില്‍ ഫ്രൂട്ട്-വെജ് ഷോപ്പ് നടത്തുന്ന ജിയോ ഖാനാണ് ശബ്ദം കേട്ട് ഓടിയെത്തിയത്. തന്റെ ഉപഭോക്താക്കളില്‍ ഒരാളായ യുവതി വീണുകിടക്കുന്നത് കണ്ട് ഇവരെ രക്ഷിക്കാനും ഇദ്ദേഹം ശ്രമിച്ചു. അഞ്ച് മാസം പ്രായമായ കുഞ്ഞ് നടപ്പാതയില്‍ പുഷ്ചെയറില്‍ ഉണ്ടായിരുന്നുവെന്ന് ജിയോ ഖാന് പറഞ്ഞു. കഴുത്തില്‍ കുത്തേറ്റതിനെ തുടര്‍ന്ന് വന്‍തോതില്‍ രക്തം നഷ്ടമായിരുന്നു, പരിശോധിക്കുമ്പോള്‍ പള്‍സ് ഉണ്ടായിരുന്നില്ല. സംഭവം കണ്ട് ഒരു ഡോക്ടര്‍മാര്‍ വാഹനം നിര്‍ത്തി അരികിലെത്തി സഹായിക്കാന്‍ ശ്രമിച്ചു. ആംബുലന്‍സ് വരുന്നത് വരെ അരികിലുണ്ടായിരുന്നുവെന്നും ഖാന് കൂട്ടിച്ചേര്‍ത്തു.