സൈബര്‍ ഹണി ട്രാപ്പ് വിവാദത്തില്‍ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു. ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് സമ്മതിച്ചിരുന്നു. സംഭവത്തില്‍ വില്യം വാഗ് ക്ഷമാപണം നടത്തി. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവര്‍ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എംപിമാര്‍ക്ക് ആവശ്യപ്പെടാത്ത സന്ദേശങ്ങള്‍ അയച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ വൃത്തങ്ങളില്‍ 20 പേര്‍ക്ക് സംശയാസ്പദമായ വാചകങ്ങള്‍ ലഭിച്ചതായി പൊളിറ്റിക്കോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
36 കാരനായ വില്യം വ്രാഗ് 2015 ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മണ്ഡലമായ ഹേസല്‍ ഗ്രോവിന്റെ എംപിയായി. ഒരു കണ്‍സര്‍വേറ്റീവ് എംപി എന്ന നിലയില്‍ വ്രാഗിനെ സസ്പെന്‍ഡ് ചെയ്തിട്ടില്ല. എങ്കിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് വില്യം വ്രാഗ് വ്യക്തമാക്കി.
ഇരകള്‍ക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു സൈബര്‍ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി, ചാര്‍ലി എന്നീ അപരനാമങ്ങളില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.
കഴിഞ്ഞ വേനല്‍ക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാര്‍ക്ക് ജാഗ്രത പാലിക്കാന്‍ പാര്‍ട്ടി തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു . തീരെ പരിമിതമായ ഓണ്‍ലൈന്‍ പ്രൊഫൈല്‍ ഉള്ള വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണ്ടെത്തിയിരുന്നു.