യുകെയില്‍ പ്രചരിക്കുന്ന വ്യാജ സ്റ്റാമ്പുകളുടെ എണ്ണം വര്‍ധിച്ചതിന് ചൈനയാണ് ഉത്തരവാദിയെന്ന് മുതിര്‍ന്ന എംപി. നിയമാനുസൃത കടകളില്‍ നിന്ന് വാങ്ങിയ സ്റ്റാമ്പുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയെന്ന പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് എംപി ഇയാന്‍ ഡങ്കന്‍ സ്മിത്ത് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. ഇത്തരത്തില്‍ വ്യാജ സ്റ്റാമ്പ് ഒട്ടിച്ച കത്ത് ലഭിക്കുന്നവര്‍ക്ക് റോയല്‍ മെയില്‍ 5 പൗണ്ടാണ് പിഴ ഈടാക്കുന്നത്. വ്യാജ സ്റ്റാമ്പുകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചൈനയാണെന്ന് ഇയാന്‍ ഡങ്കന്‍ സ്മിത്ത് ബിബിസിയോട് പറഞ്ഞു.
വ്യാജ സ്റ്റാമ്പുകള്‍ ന്രീക്കം ചെയ്യാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് റോയല്‍ മെയില്‍ വക്താവ് പറഞ്ഞു. വിവിധ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലേസുകള്‍ വഴി ചൈനീസ് കമ്പനികളില്‍ നിന്ന് ആളുകള്‍ അറിയാതെ വ്യാജ സ്റ്റാമ്പുകള്‍ വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റാമ്പിന്റെ അരികില്‍ വിചിത്രമായ സുഷിരങ്ങള്‍ ഉണ്ടോ, ഉപരിതലത്തിലേക്ക് തിളക്കം അല്ലെങ്കില്‍ നിറം മങ്ങുന്നുണ്ടോ എന്ന് നോക്കാന്‍ അവര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ഈ തട്ടി്പ്പല് ചൈനീസ് ഗവണ്മെന്റ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും എന്നാല്‍ ചൈനീസ് കമ്പനികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് തങ്ങള്‍ക്ക് അറിയാമെന്നും സെക്യൂരിറ്റി തിങ്ക് ടാങ്കായ ഹെന്റി ജാക്സണ് സൊസൈറ്റിയില്‍ നിന്നുള്ള അലന് മെന്‍ഡോസ ബിബിസി ബ്രേക്ക്ഫാസ്റ്റിനോട് പറഞ്ഞു.
എന്നിരുന്നാലും, വ്യാജ സ്റ്റാമ്പ് ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് റോയല്‍ മെയിലിന്റെ വിദേശകാര്യ, നയ ഡയറക്ടര്‍ ഡേവിഡ് ഗോള്‍ഡ് ബുധനാഴ്ച ബിബിസിയുടെ വാച്ച്ഡോഗ് പ്രോഗ്രാമിനോട് പറഞ്ഞു. വില്പനയിലുള്ള ബഹുഭൂരിപക്ഷം സ്റ്റാമ്പുകളും നിയമാനുസൃതമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.'ഞങ്ങള്‍ കണ്ടെത്തിയ വ്യാജസ്റ്റാമ്പുകളുടെ എണ്ണം നെറ്റ്വര്‍ക്കിലൂടെ പോകുന്ന മൊത്തം സ്റ്റാമ്പുകളുടെ 0.1% ല്‍ താഴെ മാത്രമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022-ല്‍ ബാര്‍കോഡ് സ്റ്റാമ്പുകള്‍ അവതരിപ്പിച്ചത് വ്യാജങ്ങളുടെ വില്‍പ്പന കുറയ്ക്കുന്നതിന് വേണ്ടിയാണ്. ഇത് വ്യാജ സ്റ്റാമ്പുകളുടെ എണ്ണം 90% കുറച്ചതായും ഗോള്‍ഡ് പറഞ്ഞു.