ബിര്‍മിങാമിന് അടുത്ത റ്റിപ്റ്റന് കിടക്ക ഫാക്ടറിയില്‍ അടക്കം അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. വീസ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിന് ഒരു സ്ത്രീയുള്പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്. ഇവര്‍ കേക്ക്, കിടക്ക ഫാക്ടറികളില്‍ ജോലി ചെയ്തുവരികയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഇംഗ്ലണ്ട് വെസ്റ്റ് മിഡ്ലാന്‍ഡ് മേഖലയിലെ കിടക്കനിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തുവന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയില്‍ ജോലി ചെയ്തുവന്ന നാല് പേരുമാണ് ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ഹോം ഓഫീസ് ഈ ഫാക്ടറിയില്‍ റെയ്ഡ് നടത്തുന്നത്. പിടിക്കപ്പെടും എന്ന് മനസിലാക്കിയപ്പോള്‍ ഓടി രക്ഷപെടാന്‍ നോക്കിയവരെ പിന്നാലെയെത്തി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഒരു വീട്ടില്‍ ജോലിക്കു നിന്ന സ്ത്രീയും അറസ്റ്റിലായി. അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി തടങ്കലിലാക്കി. എട്ടുപേരെ ഇമിഗ്രേഷന്‍ ഓഫീസില്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയില്‍ ജാമ്യത്തില്‍വിട്ടു. അതേസമയം, അറസ്റ്റിലായവരില്‍ മലയാളികളും ഉണ്ടന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
നിയമവിരുദ്ധമായി ജോലിക്കാരെ നിയമിച്ചതായും മതിയായ രേഖകളും പരിശോധനകളും നടത്താതിരുന്നതായും കണ്ടെത്തിയാല്‍ രണ്ട് കമ്പനികള്‍ക്കുമെതിരെ കനത്ത പിഴ ചുമത്താനുള്ള സാധ്യതയുണ്ട്. അനധികൃത കുടിയേറ്റക്കാരെ ജോലിക്കായി നിയമിക്കുന്ന തൊഴിലുടമകളുടെ പിഴ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹോം ഓഫീസ് മൂന്നിരട്ടിയായി ഉയര്‍ത്തിയിരുന്നു. ഒക്ടോബറിലും നവംബറിലും ഇതേ കിടക്ക ഫാക്ടറിയില്‍ നിന്നും 30 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നതാണ്. ഇത്തരം തൊഴിലാളികളെ യുകെയില്‍ ചെന്നാല്‍ നിയമാനുസൃതം ജോലി ചെയ്യാം എന്ന് പറഞ്ഞു വഞ്ചിച്ചാണ് യുകെയില്‍ എത്തിക്കുന്നത് എന്ന് ഹോം ഓഫിസ് ഉദ്യോഗസ്ഥര്‍ പറയുന്നു.