കുര്‍ണൂല്‍ : ക്ഷേത്രത്തിലെ രഥ പ്രദക്ഷണത്തിനിടെ ഷോക്കേറ്റ് കുട്ടികള്‍ ആശുപത്രിയില്‍. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തേക്കൂര്‍ ഗ്രാമത്തില്‍ ഉഗാഡി ഘോഷയാത്രയുടെ ഭാഗമായുള്ള രഥ പ്രദക്ഷണത്തിനിടെ ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് വയറില്‍ നിന്നാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.
13 കുട്ടികള്‍ക്കാണ് ഷോക്കേറ്റത്. കുട്ടികളെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുര്‍ണൂലിലെ ആശുപത്രിയില്‍ ആണ് കുട്ടികള്‍ ഇപ്പോള്‍. കുട്ടികള്‍ അപകടനില തരണം ചെയ്തെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
തെലുങ്ക് കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്റെ തുടക്കമാണ് ഉഗാഡി. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഈ ദിവസം ആഘോഷിക്കാറുണ്ട്. 'ഇന്ന് രാവിലെ ഉഗാഡി ഉത്സവത്തിന്റെ സമാപനത്തിനിടെശേഷം 13 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. എന്നാല്‍ പത്ത് ശതമാനത്തില്‍ താഴെയാണ് പൊള്ളലേറ്റിട്ടുള്ളത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല'... കുര്‍ണൂല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാര്‍ റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. വൈഎസ്ആര്‍സിപി നേതാവും പനയം എംഎല്‍എയുമായ കടസാനി രാമഭൂപാല്‍ റെഡ്ഡിയും നന്ദ്യാല ടിഡിപി സ്ഥാനാര്‍ഥി ബൈറെഡ്ഡി ശബരിയും പരിക്കേറ്റ കുട്ടികളെ കാണാന്‍ ആശുപത്രിയിലെത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളമെന്ന് ബൈറെഡ്ഡി ശബരി ആവശ്യപ്പെട്ടു.