16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ സൈബര്‍ ലോകത്തിലെ ചതിക്കുഴികളില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുട്ടികള്‍ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നതും നിരോധിച്ചേക്കും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം അവസാനത്തിനു മുമ്പ് തന്നെ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തു വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടെക്നോളജി സെക്രട്ടറിയായ മിഷേല്‍ ഡൊണലനാണ് ഇവ തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഋഷി സുനകിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് വില്‍ ടാനറും ഇതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞാഴ്ച വാട്സാപ്പ് ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം
ബ്രിട്ടനില്‍ 16-ല്‍ നിന്ന് 13 ആക്കിയതിന് മെറ്റ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
പ്രസ്തുത പ്രായപരിധിയിലുള്ള കുട്ടികള്‍ എപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാം എന്നതിനുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ കണ്സള്ട്ടേഷന് തേടും. ഈ കൂടിക്കാഴ്ചയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള മാതാപിതാക്കളുടെ ആക്സസ് അനുവദിക്കുന്നതിനെപ്പറ്റിയും സുരക്ഷാ സംവിധാനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കും.