യുഎസില്‍ മാസച്യുസിറ്റ്സില്‍ കഴിഞ്ഞ മാസം മാര്‍ച്ച് എട്ടിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം ഏറെ നടുക്കിയിരുന്നു. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗനം. എന്നാല്‍ ഇപ്പോഴിതാ മരണത്തില്‍ കുപ്രസിദ്ധമായ ബ്ലൂവെയില്‍ ഗെയിമാണെന്ന് സൂചനയാണ് പുറത്ത് വരുന്നത്.
20കാരനായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ബ്ലൂവെയില്‍ ഗെയിമിന്റെ സാന്നിധ്യം പൊലീസിന് ലഭിക്കുന്നത്.
അന്വേഷണത്തില്‍ വിദ്യാര്‍ഥി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് വിദ്യാര്‍ഥിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ സമയത്ത് വിദ്യാര്‍ഥി രണ്ടുമിനിറ്റ് നേരം ശ്വാസം പിടിച്ചുവച്ചിരുന്നതായി പറയുന്നുണ്ട്. ഗെയിം നിരോധിക്കണമെന്ന് സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെടിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടിവെക്കുകയാണുണ്ടായത്.
മൃതദേഹം ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിയുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്ന് 20കാരന്റെ മരണം കൊലപാതകമാണെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ വനത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായത് ബ്ലൂവെയില്‍ ഗെയിമാണന്നതില് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ആത്മഹത്യയാണെന്ന അനുമാനത്തിലാണ് നിലവില്‍ അന്വേഷണം മുന്നോട്ട് പോകുന്നതെന്നുമാണ് അന്വേഷണസംഘം പറയുന്നത്.